ബിയർ പാർലറിലെ സംഘർഷം; യുവാവിനെ കുത്തിയയാൾ പിടിയിൽ
text_fieldsഹരിലാലാൽ
കരുനാഗപ്പള്ളി: കെ.ടി.ഡി.സി പാർലറിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന കാരൂർ ഹരിശ്രീ ഭവനിൽ ഹരിലാലാണ് (30) അറസ്റ്റിലായത്. പാർലറിലുണ്ടായ സംഘർഷത്തിൽ ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് ക്ലാപ്പന പാട്ടത്തിൽ കടവ് സ്വദേശി ഹരിജിതിനെ (24) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി വവ്വാക്കാവിന് സമീപമുള്ള കെ.ടി.ഡി.സി പാർലറിൽ ഇരുസംഘങ്ങൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലെത്തുകയായിരുന്നു. ഹരിലാലിന്റെയും സഹോദരന്റെയും മർദനത്തെ തുടർന്ന് ഹരിജിത് ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബിയർ കുപ്പിയുമായെത്തി കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി പൊലീസ് ആണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. ഒളിവിൽ പോയ ഹരിലാലിന്റെ സഹോദരൻ ഹരികൃഷ്ണനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും ഹരിലാൽ പ്രതിയായിട്ടുണ്ട്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജു, സബ് ഇൻസ്പെക്ടർ എ. റഹീം, സുരേഷ്, സി.പി.ഒ സുമിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

