കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് പരീക്ഷ ഹാളിൽ ടാക്സി ഡ്രൈവറുടെ സേവനമെന്ന് പരാതി
text_fieldsപ്രതീകാത്മക ചിത്രം
കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച വിദ്യാർഥികൾ പരീക്ഷയെഴുതുന്ന ഹാളിൽ ടാക്സി ഡ്രൈവറുടെ സേവനമെന്ന് പരാതി. കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിനെതിരെയാണ് പ്രതിഷേധവുമായി വിദ്യാർഥികളും രക്ഷാകർത്താക്കളും രംഗത്തുവന്നത്. കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിൽ നിൽക്കാൻ അധ്യാപകർ തയാറാകാതെ കോവിഡ് ബാധിതയായ കുട്ടിയുമായി പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ടാക്സി ഡ്രൈവറെ ചോദ്യപേപ്പർ നൽകാനും മറ്റും ചുമതലപ്പെടുത്തിയെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെതന്നെ വിദ്യാർഥികളെ ആംബുലൻസിലും മറ്റുമായി സ്കൂളുകളിൽ എത്തിച്ചെങ്കിലും വിദ്യാർഥികളുടെ ഹാളിൽ കയറി ചോദ്യപേപ്പർ നൽകാനോ പി.പി.ഇ കിറ്റ് ധരിച്ച് ക്ലാസ് മുറിയിൽ കയറാൻപോലും അധ്യാപകർ തയാറാകാത്തതാണ് പരാതിക്കിടയാക്കിയത്.
പ്രധാന അധ്യാപികയുടെ അനുമതിയോടെ, കോവിഡ് ബാധിതരായ വിദ്യാർഥികളുമായെത്തിയ ടാക്സി ഡ്രൈവറാണ് വിദ്യാർഥികൾക്ക് പരീക്ഷാ പേപ്പറും അഡീഷനൽ ഷീറ്റും നൽകിയതും എഴുതിയ പേപ്പർ തിരികെ വാങ്ങിയതെന്നുമാണ് ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ രക്ഷാകർത്താക്കളും ഇടത് വിദ്യാർഥി സംഘടനാ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തുടന്ന് പൊലീസ് എത്തി. വരും ദിവസങ്ങളിൽ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകാമെന്ന് ചർച്ചയിൽ ലഭിച്ച ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
എസ്.എസ്.എൽ.സി പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേടാണ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുമെന്നും വിദ്യാർഥി സംഘടനാ നേതാക്കളായ യു. കണ്ണൻ, ജഗൻ ദേവ് എന്നിവർ പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങൾ അന്വേഷിച്ചവരോട് സ്കൂൾ പ്രധാനാധ്യാപിക ഇങ്ങനെയൊരു സംഭവം നിഷേധിക്കുകയായിരുന്നു.