പണമിടപാട് സ്ഥാപനത്തിന്റെ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു
text_fieldsരാധാകൃഷ്ണൻ
കരുനാഗപ്പള്ളി: തവണ മുടക്കിയെന്ന പേരിൽ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ നേതൃത്വത്തിൽ ഒരു സംഘം ഗുണ്ടകൾ വീട് കയറി ആക്രമിച്ചതായി പരാതി. തൊടിയൂർ കല്ലേലിഭാഗം വലിയതറ കിഴക്കതിൽ രാധാകൃഷ്ണന്റെ കുടുംബത്തിന് നേരെയാണ് കഴിഞ്ഞദിവസം അക്രമം ഉണ്ടായത്. രാധാകൃഷ്ണന്റെ തലയിലും മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റു. ഭാര്യ മണി, മകൾ രാഖി എന്നിവർക്ക് നേരെയും അതിക്രമം നടന്നു. പരിക്കേറ്റ രാധാകൃഷ്ണൻ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭരണിക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനിയിൽനിന്ന് അഞ്ചുപേരടങ്ങുന്ന വീട്ടമ്മമാരാണ് വായ്പത്തുക കൈപ്പറ്റിയത്. 24000 രൂപ വായ്പക്ക് ഒരംഗം 710 രൂപ വീതം 52 തവണകളായാണ് തിരിച്ചടക്കേണ്ടത്. നിലവിൽ ഇവരുടെ ഗ്രൂപ് 46 തവണ മുടക്കമില്ലാതെ തിരിച്ചടച്ചതായി പറയുന്നു. ഒരംഗം ഇതിൽ 46ാമത്തെ തിരിച്ചടവ് മുടക്കിയതിന്റെ പേരിലാണ് ഗ്രൂപ് അംഗമായ മണിക്കും കുടുംബത്തിനും നേരെ അക്രമം അഴിച്ചുവിട്ടത്. എന്നാൽ നിലവിൽ ഈ കുടുംബം വായ്പതിരിച്ചടവ് മുടക്കം വരുത്തിയിട്ടില്ലെന്നാണ് പറയുന്നത്. സ്വകാര്യ ബ്ലേഡ് കമ്പനികൾ മൈക്രോ ഫിനാൻസിന്റെ മറവിൽ സാധാരണക്കാരിൽ നിന്ന് ക്രമാതീതമായ പലിശ ഈടാക്കുന്നതായി മുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. 24000 രൂപ വായ്പക്ക് 710 രൂപ ക്രമത്തിൽ 52 തവണ അടക്കുന്ന ഒരു വീട്ടമ്മ 36920 രൂപയാണ് ബ്ലേഡ് കമ്പനിക്ക് തിരികെ നൽകേണ്ടത്. 24000 രൂപക്ക് ഒരു മാസം ശരാശരി 1200 ൽ അധികം രൂപയാണ് പലിശ ഇനത്തിൽ ഈടാക്കുന്നത്. ഒരു മാസത്തിലെ നാലടവിൽ 2840 രൂപ തിരികെ അടക്കുമെങ്കിലും അവസാനത്തെ അടവ് വരെ പലിശയിനത്തിൽ വാങ്ങുന്ന തുക കുറയാറില്ല. അടിസ്ഥാന കൊള്ളപ്പലിശക്ക് മാറ്റം വരുത്താതെയാണ് ബ്ലേഡ് മാഫിയ ഇത്തരത്തിൽ ചൂഷണം നടത്തുന്നത്. താലൂക്കിൽ ബ്ലേഡ് മാഫിയയുടെ പ്രവർത്തനം വ്യാപകമാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

