തൊഴിലുറപ്പ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി പരാതി
text_fieldsതഴവ പഞ്ചായത്ത് നാലാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കാലിത്തൊഴുത്ത്
കരുനാഗപ്പള്ളി: തൊഴിലുറപ്പ് പദ്ധതിയിൽ നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയതോടെ തൊഴിലാളികളെ കരാറുകാർ ചൂഷണം ചെയ്യുന്നതായി പരാതി. കാർഷിക മേഖല, പരമ്പരാഗത തൊഴിൽ മേഖലകൾ എന്നിവയിൽ നിന്ന് പൂർണമായി ഒഴിവാക്കിയ തൊഴിലാളികളെ തൊഴുത്ത്, കോഴിക്കൂട്, കിണർ എന്നിവയുടെ നിർമാണത്തിനാണ് കൂടുതലായി ഉപയോഗിക്കുന്നത്.
കൂടാതെ മണ്ണിന്റെ ഘടന പരിശോധിക്കാതെ കല്ലുള്ള പ്രദേശങ്ങളിൽ കുളം, മത്സ്യകൃഷികുളം എന്നിവയുടെ നിർമാണവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലവിൽ ചെയ്യുന്നത്.
കിണർ, തൊഴുത്ത് എന്നിവയുടെ നിർമാണം വിദഗ്ധ തൊഴിലാളികൾേക്ക ചെയ്യാൻ കഴിയൂ. ഇത് കരാറുകാർക്ക് മറിച്ചുകൊടുത്ത ശേഷം തൊഴിലാളികളുടെ പേരിൽ വരുന്ന പണം തിരികെ വാങ്ങി കരാറുകാർക്ക് കൊടുക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
തൊഴിലുറപ്പിന്റെ കീഴിൽ കൽപ്രദേശങ്ങളിൽ നിർമിച്ചിട്ടുള്ള കുളങ്ങൾ ഭൂരിഭാഗവും ജെ.സി.ബിയുടെ സഹായത്തോടെയാണ് പൂർത്തീകരിച്ചിട്ടുള്ളതെന്നും കുളം നിർമാണത്തിന് ജെ.സി.ബി ഉപയോഗിക്കുന്നതോടെ കൂലിയിനത്തിൽ തൊഴിലാളിക്ക് ലഭിക്കേണ്ട തുകയുടെ എഴുപത് ശതമാനത്തിലധികമാണ് നഷ്ടപ്പെടുന്നതെന്നും തൊഴിലാളികൾ പറയുന്നു.
കോൺക്രീറ്റ് റോഡുകൾ, തൊഴുത്ത്, അംഗൻവാടി കെട്ടിടങ്ങൾ, കിണർ എന്നിവയുടെ നിർമാണം ഏറ്റെടുത്ത് പൂർത്തീകരിക്കാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കഴിയില്ലെന്ന് അധികൃതർക്ക് വ്യക്തമായ ധാരണ ഉണ്ടായിട്ടും ഇക്കാര്യത്തിൽ ഗുരുതരമായ അനാസ്ഥയാണ് തുടരുന്നത്.
നെൽവയലുകൾ വൃത്തിയാക്കുന്നതൊഴിച്ചാൽ വിത്ത് വിതയ്ക്കൽ, ഇട കിളക്കൽ, കൊയ്ത്ത് എന്നീ ജോലികളിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഒഴിവാക്കി നിർത്തുകയാണ് പതിവ്. ഏക്കർ കണക്കിന് നെൽപാടങ്ങളിൽ കൃഷിയിറക്കി പഞ്ചായത്തുകൾ നേട്ടം ആഘോഷിക്കുമ്പോൾ ലാഭം പാട്ടക്കാരന് മാത്രം ലഭിക്കുന്ന അവസ്ഥയാണുള്ളത്.
പരമ്പരാഗത തൊഴിലുകളായ തഴപ്പായ്, കയർ, കൈത്തറി നിർമാണം എന്നിവക്ക് പേരുകേട്ട തൊടിയൂർ, തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവർത്തകരെ ഈ മേഖലയിൽ ഉപയോഗിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

