വിരണ്ടോടിയ പോത്ത് ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
text_fieldsകരുനാഗപ്പള്ളി: വിരണ്ടോടിയ പോത്ത് ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് ദേശീയപാതയിൽ പുത്തൻതെരുവ് ജങ്ഷനിൽ വിരണ്ട പോത്തിനെ കാണുന്നത്. ദേശീയപാതയിലൂടെതന്നെ വവ്വാക്കാവ് ഭാഗത്തേക്ക് ഓടി. യാത്രക്കാർ പരിഭ്രാന്തരായി നിൽക്കുന്നതിനിടയിൽ ഇരുചക്ര വാഹനങ്ങൾക്ക് നേരെ പോത്ത് കുതിച്ചു. ഇതോടെ പലരും ബൈക്ക് ഉപേക്ഷിച്ച് ഓടി.
തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് പോത്തിന്‍റെ ദേഹത്ത് തട്ടിയതോടെ കൂടുതൽ വിരണ്ട് ദേശീയപാതയിൽ നിലയുറപ്പിച്ചു. ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കരുനാഗപ്പള്ളിയിൽനിന്നും പൊലീസ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.
ഒടുവിൽ മത്സ്യത്തൊഴിലാളികളായ തഴവ കടത്തൂർ നവാസ്, സിയാദ് എന്നിവർ പോത്തിനെ സാഹസികമായി കീഴ്പ്പെടുത്തി കയർ കെട്ടി നിയന്ത്രണവിധേയമാക്കി. ഇവർക്ക് സാരമായ പരിക്കേറ്റു. പോത്തിന്‍റെ ഉടമസ്ഥരായി ആരും എത്തിയിട്ടില്ല. ഏതോ വാഹനത്തിൽ കൊണ്ടുപോകുംവഴി റോഡിൽ വീണതാണെന്നും പറയപ്പെടുന്നു.