ജാമ്യത്തിലിറങ്ങി കൊലപാതകശ്രമം; കോടതി ജാമ്യം റദ്ദാക്കിയ യുവാവ് പിടിയിൽ
text_fieldsഷാൻ
കരുനാഗപ്പള്ളി: വധശ്രമക്കേസിൽ ജാമ്യത്തിനിറങ്ങി സമാന കുറ്റകൃത്യം ചെയ്തതിനെതുടർന്ന് കോടതി ജാമ്യം റദ്ദാക്കിയ നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ക്ലാപ്പന കുന്നുതറ വീട്ടിൽനിന്ന് കൃഷ്ണപുരം കാപ്പിൽ മേക്ക് മുറിയിൽ കുന്നുതറയിൽ വീട്ടിൽ താമസിക്കുന്ന ഷാൻ (21) ആണ് പിടിയിലായത്. കൂട്ടായ ആക്രമണം, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, നരഹത്യശ്രമം, കൊലപാതക ശ്രമം തുടങ്ങി കേസുകളിൽ പ്രതിയാണ്.
കരുനാഗപ്പള്ളി സ്വദേശി നൗഷാദിനെ തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. തുടർന്നും സമാനസ്വഭാവമുള്ള കേസുകളിൽ ഇടപെടരുതെന്ന നിബന്ധനയിലായിരുന്നു ജാമ്യം. പുറത്തിറങ്ങിയ ഇയാൾ ഓച്ചിറ സ്വദേശി നദീറിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച കേസ്, ഓച്ചിറ സ്വദേശികളായ ശ്യാം ശശിധരനെയും നസീബിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങി അഞ്ച് കേസുകളിൽ പ്രതിയായതിനെതുടർന്നാണ് ജാമ്യം റദ്ദാക്കിയത്. ഇയാൾ മുമ്പ് കാപ പ്രകാരം കരുതൽ തടങ്കലിലും കഴിഞ്ഞിട്ടുണ്ട്.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ഗോപകുമാർ ജി, എസ്.ഐമാരായ വിനോദ് കുമാർ, ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ധന്യ രാജേന്ദ്രൻ എ.എസ്.ഐമാരായ ഷാജിമോൻ എച്ച്, നന്ദകുമാർ കെ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.