കൊലപാതകശ്രമം; പ്രതി പിടിയിൽ
text_fieldsപ്രജീഷ്
കരുനാഗപ്പള്ളി: യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിലായി. പൂയപ്പള്ളി ജയന്തി കോളനിയിൽ പ്രജീഷ് ഭവനത്തിൽ പ്രജീഷ് (28) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. വള്ളിക്കുന്നം സ്വദേശിയായ അച്ചുവിനെ പ്രജീഷും ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ രാഹുലും (26) ചേർന്ന് അക്രമിച്ച കേസിലാണ് പിടിയിലായത്.
ഒന്നാം പ്രതിയായ രാഹുൽ മുമ്പ് പിടിയിലായിരുന്നു. അച്ചുവും രാഹുലും അംഗങ്ങളായ വാട്ട്സ്ആപ് ഗ്രൂപ്പിലെ ചാറ്റിങ് സംബന്ധിച്ച തർക്കമാണ് അക്രമത്തിലെക്ക് നയിച്ചത്. ആഗസ്റ്റ് ഒന്നിന് രാവിലെ 11.30ന് കരുനാഗപ്പള്ളി വിജയാ ബാറിന് സമീപം െവച്ച് ഇരുവരും ചേർന്ന് അച്ചുവിനെ മർദിക്കുകയും കഴുത്തിന് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻ പിള്ള, ശ്രീകുമാർ, റസൽ ജോർജ്, എ.എസ്.ഐമാരായ ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രജീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

