പാവുമ്പയിൽ കോൺഗ്രസ് ഭവനും ഖാദി ഭവനുംനേരെ ആക്രമണം
text_fieldsകരുനാഗപ്പള്ളി: പാമ്പുമ്പയിൽ കോൺഗ്രസ് ഭവനും സർവോദയുടെ ഖാദി ഭവനുംനേരെ ആക്രമണം. ഇരുസ്ഥാപനങ്ങളും കുത്തിത്തുറന്ന് അകത്തുകയറിയാണ് ആക്രമണം. ഖാദി ഭവനിൽനിന്ന് തുണികളും മറ്റു ഉൽപന്നങ്ങളും കടത്തിക്കൊണ്ടുപോയതായി കോൺഗ്രസ് ആരോപിച്ചു.
മുകളിലത്തെ നിലയിലെ കോൺഗ്രസ് ഭവന് അകത്ത് കയറിയ ഡി.വൈ.എഫ്.ഐ സംഘം അലമാര ഉൾപ്പടെയുള്ള ഫർണിചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ഫയലുകളും ജനൽ ഗ്ലാസുകളും തകർത്തു. കെട്ടിടത്തിെൻറ താഴെ നിലയിലെ സർവോദയയുടെ ഖാദി ഭവൻ കുത്തിത്തുറന്ന് നാശം വരുത്തിയെന്നും 12 ലക്ഷത്തിെൻറ ഉൽപന്നം കടത്തിക്കൊണ്ടുപോയതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വെഞ്ഞാറമൂട്ടിൽ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച പാവുമ്പ വില്ലേജ് പരിധിയിൽ യു.ഡി.എഫ് ഹർത്താൽ ആചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു.
കരുനാഗപ്പള്ളി എ.സി.പി ബി. ഗോപകുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.