എലിവേറ്റഡ് ഹൈവേക്കെതിരെ എ.ഐ.വൈ.എഫ് മാര്‍ച്ച്
text_fields
എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ടൗണിലെ എലിവേറ്റഡ് ഹൈവേക്കെതിരെ നടത്തിയ സമരം മുന്‍ എം.എല്‍.എ ആര്. രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: 'വാള് എലിവേറ്റഡ് ഹൈവേ കരുനാഗപ്പള്ളിക്ക് വേണ്ട' എന്ന ആവശ്യമുയര്‍ത്തി എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന മാര്‍ച്ച് സംഘടിപ്പിച്ചു.
നാഷനല്‍ ഹൈവേ അതോറിറ്റി ഓഫിസില്‍നിന്ന് ആരംഭിച്ച് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫിസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് പോസ്റ്റോഫിസിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധയോഗം മുന്‍ എം.എല്‍.എയും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ആര്. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയില്‍ റോഡ് വികസനത്തിന്റെ പേരില്‍ മതില്‍കെട്ടി വേര്‍തിരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന വാള് എലിവേറ്റഡ് ഹൈവേ ഉപേക്ഷിക്കണമെന്നും പകരം പില്ലര്‍ എലവേറ്റഡ് സംവിധാനമോ ഫ്ലൈ ഓവര്‍ നിർമിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് പി.എസ്. വിഷ്ണു അധ്യക്ഷതവഹിച്ചു. കടത്തൂര്‍ മന്‍സൂര്‍, ജഗത്ജീവന്‍ ലാലി, ആര്. ശരവണന്, അനീഷ് ദേവരാജ്, ആര്. രവി, ബി. ശ്രീകുമാര്‍, എം.ഡി. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.