തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന കേസിൽ പ്രതികൾ പിടിയിൽ
text_fieldsഅനസ്മോൻ അൽ അമീൻ
കരുനാഗപ്പള്ളി: തൊടിയൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തോക്കുചൂണ്ടി സ്വർണവും പണവും കവർന്ന കേസിൽ യുവാക്കൾ പൊലീസ് പിടിയിൽ. തൊടിയൂർ കല്ലേലിഭാഗം അമ്പലവേലിൽ കിഴക്കേ തറയിൽ അനസ്മോൻ (33), ഇടക്കുളങ്ങര പുലിയൂർ വഞ്ചി തെക്ക് താഹ മൻസിലിൽ അൽ അമീൻ (25) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 10ന് തൊടിയൂർ ചെട്ടിയത്ത് മുക്കിലുള്ള ബി.ആർ ഫൈനാൻസിലെത്തി തോക്ക് ചൂണ്ടി 48,300 രൂപയടങ്ങിയ ബാഗും 33.8 ഗ്രാം സ്വർണവും തട്ടിയെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മുഖം മറച്ചും വാഹന നമ്പർ ഇല്ലാതെയും സി.സി.ടി.വികളിൽ പതിയാതിരിക്കാൻ വഴികൾ മാറി മാറി സഞ്ചരിച്ചുമാണ് പ്രതികൾ കവർച്ച നടത്തിയത്. 200ലധികം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കരുനാഗപ്പള്ളിയിൽ ദേശീയപാതയിൽ പുതിയതായി തുടങ്ങിയ ബൂസ്റ്റർ-ടീ ഷോപ് പ്രതികൾ നടത്തുന്നതാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഇവരുടെ ടീ ഷോപ്പിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് 48 മണിക്കൂറിനുള്ളിൽ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

