സ്കൂട്ടറിൽ കടത്തിയ 50 കുപ്പി വിദേശമദ്യം പിടികൂടി
text_fieldsകരുനാഗപ്പള്ളി: ശാസ്താംകോട്ട റോഡിൽ മാരാരിത്തോട്ടം മഹാദേവർ ക്ഷേത്രത്തിനു സമീപം കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. മോഹനനും സംഘവും നടത്തിയ വാഹനപരിശോധനയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 50 കുപ്പി ഇന്ത്യൻ നിർമിതവിദേശമദ്യം പിടികൂടി.
കല്ലേലിഭാഗം മാരാരിത്തോട്ടം ഷാനിവാസ് വീട്ടിൽ ഷാലിയെ (42) അറസ്റ്റ് ചെയ്തു. വിവിധ മൊബൈലുകളിലെ ബെക് ക്യു ആപ് വഴി ശേഖരിച്ച മദ്യമാണിതെന്ന് പിടിയിലായയാൾ എക്സൈസിനോട് സമ്മതിച്ചു.
കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകളിലെ വ്യത്യസ്ത ഔട്ട് ലെറ്റുകളിൽ നിന്നാണ് മദ്യം ശേഖരിച്ചത്. കോവിഡ് പരിശോധനക്ക് ശേഷം കരുനാഗപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ എ. അജിത്കുമാർ, പി.എ. അജയകുമാർ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി. ശ്രീകുമാർ, എസ്. സന്തോഷ്, അനിൽകുമാർ, എക്സൈസ് ഡ്രൈവർ പി. രാജു എന്നിവർ പങ്കെടുത്തു.

