കരുനാഗപ്പള്ളിയിലും കണ്ണനല്ലൂരിലും വാഹന മോഷണം; പ്രതികൾ പിടിയിൽ
text_fieldsകണ്ണനല്ലൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ണനല്ലൂർ കുരീപ്പള്ളി ജങ്ഷന് സമീപത്തുനിന്നും ഇരുചക്രവാഹനം മോഷ്ടിച്ച സംഭവങ്ങളിൽ രണ്ടുപേർ പിടിയിൽ. എറണാകുളം കോടനാട് കാഞ്ഞിരത്തുംകുടി രഗീഷി(26)നെ കരുനാഗപ്പള്ളി പൊലീസും മയ്യനാട് ആക്കോലിൽ സജികുമാറി(47)നെ കണ്ണനല്ലൂർ പൊലീസുമാണ് പിടികൂടിയത്.
മൂന്നുമാസം മുമ്പ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കരുനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അന്തർ ജില്ല വാഹന മോഷ്ടാവായ രഗീഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രിസ്മസ് ദിവസം വൈകീട്ട് കണ്ണനല്ലൂർ സ്വദേശിയായ ഷിബുവിന്റെ ഇരുചക്രവാഹനം കുരീപ്പള്ളി ജങ്ഷനിൽനിന്ന് മോഷണം പോയിരുന്നു. കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയത് മയ്യനാട് സ്വദേശിയായ സജികുമാറാണെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ഇരുചക്ര വാഹനം കണ്ടെടുക്കുകയും ചെയ്തു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജു, എസ്.ഐ ശ്രീകുമാർ, എ.എസ്.ഐമാരായ ഷാജിമോൻ, അജയൻ, സി.പി.ഒ ഹാഷിം എന്നിവർ ചേർന്നാണ് രഗീഷിനെ പിടികൂടിയത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാർ, എസ്.ഐ നജുമുദീൻ, സി.പി.ഒമാരായ നജീബ്, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് സജികുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

