പുതുവർഷരാവിൽ പൊലീസിനെ ആക്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിൽ
text_fieldsകണ്ണനല്ലൂർ: പുതുവർഷ തലേന്ന് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ ഒരാളെക്കൂടി കണ്ണനല്ലൂർ പൊലീസ് പിടികൂടി. കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ കോളനിയിൽ ചിറയിൽ വീട്ടിൽ മഹിയാണ് (18) പിടിയിലായത്. പുതുവർഷ തലേന്ന് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുധീർ, സിയാദ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
പൊലീസ് സംഘം കോളനി പരിസരത്ത് രാത്രികാല പരിശോധന നടത്തിയത് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. തുടർന്ന് കണ്ണനല്ലൂർ സ്റ്റേഷനിൽനിന്ന് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ പൊലീസിനെ കല്ലെറിഞ്ഞു. പ്രതികളായ ശരത്തിനെ സംഭവസ്ഥലത്തുനിന്നും മണിക്കുട്ടനെ അടുത്ത ദിവസവും അറസ്റ്റ് ചെയ്തിരുന്നു.
ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എ.എസ്.ഐമാരായ ഹരിസോമൻ ബിജു, സി.പി.ഒമാരായ സിയാദ്, സുധീർ, ചന്തു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

