വിചിത്ര നോട്ടീസുമായി കണ്ണനല്ലൂർ പൊലീസ്; വിവാദമായതിന് പിന്നാലെ കീറിക്കളഞ്ഞു
text_fieldsകണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒട്ടിച്ചിരുന്ന വിവാദ നോട്ടീസ്
കണ്ണനല്ലൂർ: പൊലീസ് സ്റ്റേഷനുള്ളിൽ കയറണമെങ്കിൽ വാച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ച് അനുവാദം വാങ്ങണമെന്ന അറിയിപ്പ് വിവാദമായി. സ്റ്റേഷനിൽ പതിച്ചിരുന്ന പോസ്റ്റർ അറിയിപ്പ് വിവാദമായതോടെ കീറിക്കളഞ്ഞ് പൊലീസ് തലയൂരി. കൊല്ലം, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലാണ് ഇത്തരത്തിലൊരു പോസ്റ്റർ ഒട്ടിച്ചിരുന്നത്. എസ്.ഐ യെയോ എസ്.എച്ച്.ഒ യെയോ കാണണമെങ്കിൽ എന്തിനാണ് വന്നതെന്ന വിവരം വാച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞ് സമ്മതം വാങ്ങണമെന്മൊയിരുന്നു അറിയിപ്പ്.
സംസ്ഥാനത്ത് ഒരു പൊലീസ് സ്റ്റേഷനിലും ഇത്തരത്തിലൊരു അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ലെന്നും ഇൻസ്പെക്ടറോട് പറയേണ്ട കാര്യങ്ങൾ പാറാവുകാരനോട് പറയേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മധ്യസ്ഥചർച്ചക്കായി പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ ഇൻസ്പെക്ടർ മർദിച്ചുവെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ കണ്ണനല്ലൂർ സ്റ്റേഷനിലാണ് അഭ്യന്തരവകുപ്പോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ഇത്തരമൊരു പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നത്. സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നോട്ടീസ് സ്റ്റേഷനിൽ പതിച്ചത്.
ലോക്കൽ സെക്രട്ടറി ഇൻസ്പെക്ടറുടെ മുറിയിൽ നേരത്തെ കുത്തിയിരിപ്പ് നടത്തിയിരുന്നു. ഇതാകാം ഇത്തരത്തിലൊരു നോട്ടീസ് പതിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്. പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിൽ വരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞാണ് സ്റ്റേഷനിൽ പൊലീസുകാർ നോട്ടീസ് പതിച്ചത്. ഇതിന്ശേഷം പരാതിക്കാർക്കൊപ്പം വരുന്ന പൊതുപ്രവർത്തകരെ അകത്ത് പ്രവേശിപ്പിക്കാതെ വെളിയിൽ നിർത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. സി.ഐ.യുടെ നിർദ്ദേശപ്രകാരം നോട്ടീസ് പിന്നീട് നീക്കം ചെയ്തു. ഇത്തരത്തിൽ നോട്ടീസ് പതിച്ചതിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും സ്റ്റേഷനിലെ മറ്റ് പൊലീസുകാർക്കും അതൃപ്തി ഉണ്ട്. നിരന്തരം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ വിവാദലാകുന്ന സാഹചര്യത്തിൽ ശക്തമായ നടപടിക്ക് സാധ്യത ഉണ്ടായേക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

