ജനങ്ങൾ കഴിയുന്നത് ഭീതിയോടെ കല്ലടയാർ ഇടിഞ്ഞുതാഴുന്നു
text_fieldsശാസ്താംകോട്ട: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കല്ലടയാറിന്റെ തീരങ്ങൾ വ്യാപകമായി ഇടിഞ്ഞുതാഴുന്നു. കുന്നത്തൂർ കൊക്കാംകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം, നിരവധി വീടുകളിലേക്കുള്ള പ്രധാന പാതയും കല്ലടയാറിനോട് ചേർന്ന വീടുകളുടെ മുറ്റങ്ങളുമാണ് ഇടിഞ്ഞുതാണത്. ഇതുമൂലം ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ കൊക്കാംകാവ് ക്ഷേത്രവും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
പ്രദേശവാസികൾ സ്വന്തമായി പണം പിരിച്ച് നിർമിച്ച റോഡും പൂർണമായും പുഴയെടുത്തു. തെങ്ങുകളടക്കം ഫലവൃക്ഷങ്ങളും പുഴയുടെ ഒഴുക്കിൽപ്പെട്ടു. ഒറ്റ രാത്രികൊണ്ട് അര ഏക്കറോളം പുരയിടമാണ് ഇവിടെ പ്രദേശവാസികൾക്ക് നഷ്ടമായത്. തീരം ഇടിഞ്ഞുതാണതോടെ കല്ലടയാറിന്റെ വിസ്തൃതി ഈ ഭാഗത്ത് ഗണ്യമായി വർധിച്ചു. കല്ലടയാർ കിഴക്കോട്ടൊഴുകുന്ന ഈ ഭാഗത്ത് മഴക്കാലത്ത് അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
ആറിന്റെ എതിർ വശത്തും സമാനമായ സാഹചര്യമായിരുന്നങ്കിലും സർക്കാർ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിച്ചതിനാൽ ആ ഭാഗം സുരക്ഷിതമായി. എല്ലാ വർഷവും തീരം ഇടിയാറുണ്ടെങ്കിലും ഇത്തവണത്തെപ്പോലെ വലിയ തോതിൽ മുമ്പുണ്ടായിട്ടില്ല. ഓരോ തവണ തീരം ഇടിയുമ്പോഴും ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്യാറുണ്ടെന്നും അതൊന്നും യാഥാർഥ്യമാകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.
തീരപ്രദേശം സംരക്ഷിക്കാൻ കോടിക്കണക്കിന് രൂപ റിവർ മാനേജ്മെന്റ് ഫണ്ടിലുണ്ടായിട്ടും അത് നേടിയെടുക്കാൻ ശ്രമിക്കാതെ ദുരന്തത്തിനായി കാത്തിരിക്കുന്ന ജനപ്രതിനിധികളും റവന്യൂ വകുപ്പും മൗനം വെടിയണമെന്ന് ആർ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

