ശബ്ദമുഖരിതമായി കലാശം; ഇനി നിശബ്ദ പോരാട്ടം
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് സമാപനം കുറിച്ച് കൊല്ലം കോർപ്പറേഷനിലെ വിവിധയിടങ്ങളിൽ എൽ.ഡി.എഫ്, യു.ഡി.എഫ്പ്രവർത്തകർ നടത്തിയ കൊട്ടിക്കലാശം
കൊല്ലം: ആവേശത്തിൽ, ഉയരത്തിൽ പാറിപ്പറക്കുന്ന കൊടികൾക്ക് കീഴിൽ, ഉച്ചത്തിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും ആഹ്വാനങ്ങളും അലയടിച്ചുയർന്ന അന്തരീക്ഷത്തിൽ തദ്ദേശതെരഞ്ഞെടുപ്പിന്റെ ശബ്ദമുഖരിത പ്രചാരണം കൊട്ടിയിറങ്ങി. ഇനി ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള അവസാന തന്ത്രങ്ങളുടെ നിർണായക മണിക്കൂറുകൾ.
വമ്പിച്ച ഭൂരിപക്ഷത്തിന് വേണ്ടി ഘോരഘോരം നടത്തിയ പ്രസംഗങ്ങൾ, വോട്ടറുടെ മുന്നിലെത്തിയുള്ള അവസാനവട്ട വോട്ടുറപ്പിക്കലിലേക്ക് വഴിമാറി. അവസാനഘട്ട പരിശ്രമത്തിന്റെ എല്ലാ ആവേശവും നിറച്ച് ജില്ലയിലുടനീളം ഓരോ ജങ്ഷനുകളും കൊട്ടിക്കലാശവേദികളായി മാറുന്ന കാഴ്ചക്കാണ് ഞായറാഴ്ച സാക്ഷ്യംവഹിച്ചത്.
ചിതറിക്കിടക്കുന്ന പല -പല വാർഡുകളിലേക്കും ഡിവിഷനിലേക്കും പ്രവർത്തകർ തിരിഞ്ഞുപോയപ്പോൾ, നിയമസഭ-പാർലമെന്റ് തെരഞ്ഞെടുപ്പ് പോലെ വൻ ആൾത്തിരക്കുകൾ ജങ്ഷനുകളിൽ നിറഞ്ഞെത്തിയില്ല.
എന്നാൽ, ആവേശത്തിന് ഒട്ടും മാറ്റുകുറഞ്ഞില്ല. കൊല്ലം കോർപറേഷനിലെ വടക്കുംഭാഗം, താമരക്കുളം ഡിവിഷനുകളുടെ സ്ഥാനാർഥികളുടെ സംഗമം നഗരഹൃദയമായ ചിന്നക്കടയിലായിരുന്നു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൊട്ടിക്കലാശം ആവേശംനിറച്ചു. ആഴ്ചകളായി തുടരുന്ന പ്രചാരണങ്ങളും വാഹനങ്ങളിലെ അനൗൺസ്മെന്റുകളും റോഡ് ഷോകളുമൊക്കെയാണ് ഞായറാഴ്ച വൈകീട്ട് ആറോടെ ആവേശത്തിൽ അവസാനിപ്പിച്ചത്.
ഞാറാഴ്ച ഉച്ചമുതൽ തന്നെ ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും വാർഡ് ബ്ലോക്ക്, ജില്ല പഞ്ചായത്ത് മണ്ഡലത്തിലുടനീളം പ്രകടനം നടത്തിയ ശേഷം വൈകീട്ടോടെ ഓരോ പ്രധാന കേന്ദ്രങ്ങളിലും കൊട്ടികലാശം നടത്തുകയായിരുന്നു. സമാധാനപൂർവമായ അന്തരീക്ഷം ഉറപ്പ് വരുത്താൻ ജില്ലയിൽ മുഴുവൻ പൊലീസും ജാഗ്രത ശക്തിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

