വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ
text_fieldsകടയ്ക്കൽ: തനിക്ക് വിവാഹം ശരിയാക്കിത്തരണമെന്ന പരാതിയുമായി ഭിന്നശേഷിക്കാരനായ യുവാവ് പൊലീസ് സ്റ്റേഷനിൽ. ഇട്ടിവ മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മുകുളുവിളവീട്ടിൽ അനിൽ ജോൺ ആണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്. 12 സെന്റ് സ്ഥലവും വീടുമുള്ള തനിക്ക് അനാഥാലയത്തിൽ നിന്നായാലും ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടാണ് 32 കാരനായ അനിൽ പൊലീസിന് മുന്നിലേക്ക് പരാതിയുമായി എത്തിയത്.
മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് അനിൽ ഒറ്റക്കാണ് താമസം. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുള്ള അനിൽ ജോൺ തൊഴിലുറപ്പ് ജോലിക്കും രാവിലെ പത്രമിടാൻ പോയും ലോട്ടറി വിൽപന നടത്തിയുമാണ് ജീവിക്കുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും പള്ളിക്കാരോടും പറഞ്ഞിട്ടും ആരും മുൻകൈയെടുക്കാത്തതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് ഇയാൾ പറയുന്നു. പരാതി യാഥാർഥ്യമാണെന്ന് ബോധ്യപ്പെട്ടെന്നും എന്നാൽ എന്തെങ്കിലും ചെയ്യാൻ തങ്ങൾക്കും കഴിയില്ലെന്നും കടയ്ക്കൽ എസ്.എച്ച്.ഒ രാജേഷ് പറഞ്ഞു. പൊലീസ് സഹായിച്ചാൽ തന്റെ വിവാഹം നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് യുവാവ്.

