കസ്റ്റഡിയിലുള്ളയാളുടെ പരാക്രമം; പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു
text_fieldsകടയ്ക്കൽ: കടയ്ക്കലിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ പൊലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു. വിലങ്ങിടാൻ ശ്രമിച്ച പൊലീസുകാരന്റെ കൈ കടിച്ച് മുറിച്ചു. കടയ്ക്കൽ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവർ വിഷ്ണുവാണ് ആക്രമണം നടത്തിയത്.
രാത്രി ഒമ്പതേ കാലോടെ ഇയാളുടെ ഓട്ടോ കടയ്ക്കൽ ഡി.ഡി.ആർ.സിയുടെ മുന്നിൽ മറ്റൊരു ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഓട്ടോ നിവർത്തി ഇയാളെ പുറത്തെടുത്തു. എന്നാൽ വീണ്ടും ഓട്ടോ ഓടിച്ച് പോകാൻ ശ്രമിച്ചു.
വിഷ്ണു മദ്യലഹരിയിലാെണന്ന് മനസ്സിലാക്കിയ നാട്ടുകാർ ഓട്ടോ തടഞ്ഞു. തുടർന്ന് പ്രകോപിതനായ ഇയാൾ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. അതുവഴിവന്ന സി.ഐ ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കവെ പൊലീസിനെ ആക്രമിക്കുകയും ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിക്കുകയുമായിരുന്നു.
തുടർന്ന് സ്റ്റേഷനിൽ എത്തിച്ചപ്പോൾ വിലങ്ങിടാൻ ശ്രമിച്ച പൊലീസുകാരന്റെ കൈ കടിച്ച് മുറിച്ചു. കൂടുതൽ പൊലീസുകാരെത്തിയാണ് ഇയാളെ മാറ്റിയത്. കൈക്ക് ആഴത്തിൽ മുറിവേറ്റ സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

