കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച വാഹനം നിർത്താതെ പോയതായി പരാതി
text_fieldsകടയ്ക്കൽ: ചിതറയിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അസഭ്യം പറയുകയും വാഹനം ബസിൽ ഇടിപ്പിച്ചശേഷം നിർത്താതെ പോവുകയും ചെയ്തതായി പരാതി.
ചിതറ മാങ്കോട് ഹോസ്പിറ്റൽ ജങ്ഷനിൽ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസിൽ ലോറി ഇടിച്ചശേഷം ഡ്രൈവറെ അസഭ്യം പറഞ്ഞ് കടന്നുകളഞ്ഞതായാണ് ചിതറ പൊലീസിൽ ബസ് ജീവനക്കാർ പരാതി നൽകിയത്.
ഹോസ്പിറ്റൽ ജങ്ഷനിൽ ആളിറങ്ങുന്നതിനായി നിർത്തിയ ബസിനോട് ചേർന്ന് പിന്നാലെ എത്തിയ ലോറി നിർത്തുകയും ബസ് ഡ്രൈവറെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ലോറി വേഗത്തിൽ മുന്നോട്ടെടുക്കുകയും ബസിന്റെ സൈഡ് മിറർ ഇടിച്ചുപൊട്ടിക്കുകയും ചെയ്തശേഷം നിർത്താതെ പോകുകയായിരുന്നുവെന്നുമാണ് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പരാതി. ലോറി ഡ്രൈവറും സഹായിയും മദ്യപിച്ചിരുന്നതായി ബസ് ഡ്രൈവർ സുരേഷ് പറയുന്നു.

