ചിതറ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം; നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു
text_fieldsനിർമാണം പൂർത്തിയായ ചിതറ പൊലീസ് സ്റ്റേഷൻ കെട്ടിടം
കടയ്ക്കൽ: നിർമാണം പൂർത്തിയാക്കിയ ചിതറ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. ചിതറ പഞ്ചായത്തിലെ വളവുപച്ച ചന്തയോട് ചേർന്നുള്ള കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിലാണ് ചിതറ പൊലീസ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിസ്തൃതമായ പ്രവർത്തനപരിധിയുള്ള കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വിഭജിച്ച് 10 വർഷം മുമ്പാണ് ചിതറയിൽ പുതിയ സ്റ്റേഷൻ അനുവദിച്ചത്. പഞ്ചായത്ത് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് സ്റ്റേഷന് അന്ന് കെട്ടിടം നിർമിച്ചുനൽകിയത്. പരിമിതമായ സൗകര്യത്തിൽ ഞെരുങ്ങിയാണ് സ്റ്റേഷന്റെ പ്രവർത്തനം.
ഇത് പരിഹരിക്കാനാണ് പുതിയ കെട്ടിടം നിർമിച്ചത്. നിലവിലുള്ള കെട്ടിടത്തിന് സമീപം പഞ്ചായത്ത് തന്നെ വിട്ടുനൽകിയ ഭൂമിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്. മൂന്ന് കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിലായിരുന്നു നിർമാണം.
അരിപ്പ മുതൽ ആഴാന്തക്കുഴി വരെയും ആനപ്പുഴയ്ക്കൽ മുതൽ തച്ചോണം വരെയും വിസ്തൃതമായ പ്രവർത്തനപരിധിയുണ്ടായിരുന്ന കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വിഭജിച്ചാണ് ചിതറയിൽ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. 2015 ൽ ഉദ്ഘാടനം ചെയ്തെങ്കിലും നിയമനങ്ങൾ നടത്തി ഒരുവർഷം കഴിഞ്ഞാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്.
മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്നറിയുന്നു. പുതിയ കെട്ടിടം വരുന്നതോടെ സ്റ്റേഷന് കൂടുതൽ സൗകര്യപ്രദമായി പ്രവർത്തിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

