അവസാന ഗാനം പാടി, ചിതറയുടെ കലാകാരി യാത്രയായി
text_fieldsലക്ഷ്മിയുടെ വീട്ടിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ജനക്കൂട്ടം
കടയ്ക്കൽ: അവസാന ഗാനം പാടി യാത്രയായ ചിതറയുടെ കലാകാരിക്ക് കണ്ണീരോടെ വിട നൽകി നാട്. നാടൻപാട്ട് സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ച് മരണപ്പെട്ട ഗായിക ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20)ന്റെ മരണമാണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയത്. നൂറുകണക്കിന് നാട്ടുകാരും സഹപാഠികളുമാണ് അന്ത്യോപചാരമർപ്പിക്കാൻ വീട്ടിൽ തടിച്ചുകൂടിയത്.
മാതാവ് ഷീബയുടെയും അനുജത്തി രശ്മിയുടെയും ഏക ആശ്രയമായിരുന്ന ലക്ഷ്മിയുടെ കുഞ്ഞുന്നാളിലേ പിതാവ് മരിച്ചു. തുടർന്ന് സ്വപ്രയത്നത്താൽ നാട്ടിൽ കലാരംഗത്തേക്കക് ഉയർന്നുവരുകയായിരുന്നു. മിമിക്രി, നാടൻ പാട്ട് തുടങ്ങിയവ സ്വയം പരിശീലിച്ച് അതിൽ മികവുപുലർത്തി. മിമിക്രിയിൽ നാലുതവണ സംസ്ഥാന ജേതാവായിരുന്നു. പിന്നീട് സംസ്ഥാനതലങ്ങളിൽ ഉൾപ്പെടെ ഉയർന്നുകേട്ടു ചിതറയുടെ സ്വന്തമായ ഈ ചെറു കലാകാരിയുടെ പേര്. വിദ്യാഭ്യാസത്തോടൊപ്പം സ്റ്റേജ് പ്രകടനങ്ങളിലൂടെ മറ്റൊരു തലത്തിലേക്ക് അവൾ തന്റെ കരിയർ ഉയർത്തിത്തുടങ്ങിയ സമയത്തായിരുന്നു നിനച്ചിരിക്കാതെ മരണമെത്തിയത്. ചടയമംഗലം ആക്കലിൽ പരിപാടി കഴിഞ്ഞ് പോയ മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപെട്ടത്. ശാസ്താംകോട്ടയിലെ പ്രധാന മിമിക്സ് ട്രൂപ്പിലെ അംഗമായ ലക്ഷ്മി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ ബി.എ പൊളിറ്റിക്സ് വിദ്യാർഥിയാണ്. എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.
മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ എത്തിച്ചു സംസ്കരിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി, ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവൻ, വൈസ് പ്രസിഡന്റ് അൻസർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

