ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ
text_fieldsസതീഷ്
കടയ്ക്കൽ: കുമ്മിളിൽ കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചിതറ ചല്ലിമുക്ക് ഷൈനി ഭവനിൽ ജോഷി എന്ന സതീഷ് (37) നെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ സായൂജ്യയെ രണ്ടാം പ്രതിയായ സതീഷിന്റെ കാമുകി സുജിത തന്റെ വീട്ടിൽ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മർദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ ഇവർ കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പ്രതികൾ ഒളിവിൽ പോകുകയും 2024 ജനുവരിയിൽ രണ്ടാം പ്രതി അറസ്റ്റിലാവുകയായിരുന്നു. റിമാൻഡിലായ ഇവർ ഇപ്പോൾ ജ്യാമ്യത്തിലാണ്. ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് കടയ്ക്കൽ പൊലീസ് ചൊവ്വാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി കേസിലെ പ്രതിയാണ് അറസ്റ്റിലായ സതീഷ്. കടയ്ക്കൽ സ്റ്റേഷനിൽ നാല് കേസും ചിതറ സ്റ്റേഷനിൽ രണ്ട് കേസും, പാങ്ങോട്, വലിയമല പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസും നിലവിലുണ്ട്. പോക്സോ കേസ് ഉൾപ്പെടെ സ്ത്രീപീഡന കേസുകളാണ് കൂടുതലും. 2018 ൽ സ്കൂൾ വിദ്യാർഥിയായിരുന്ന പരാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി പോക്സോ കേസിൽ ജയിലിലാകുകയും പുറത്തിറങ്ങിയ ഇയാൾ മൂന്ന് വർഷത്തിന് ശേഷം കുട്ടിയെ വിവാഹം കഴിച്ച് കേസിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

