കൊല്ലം: പി.ഡി.പി ചെയർമാനും മതപണ്ഡിതനുമായ അബ്ദുന്നാസിർ മഅ്ദനി നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നാട് ഒന്നിക്കണമെന്ന സന്ദേശവുമായി കൊല്ലത്ത് മഅ്ദനി വിമോചന റാലിയും മനുഷ്യാവകാശ സമ്മേളനവും നടന്നു. ഭരണഘടനയിൽ വിശ്വാസമില്ലാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ഹൈകോടതി റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. നീതി ലഭിക്കാനുള്ള അവകാശവും മനുഷ്യാവകാശമാണ്.
ഭരണഘടനയുടെ രക്ഷാകര്ത്താക്കളായ കോടതിയാണ് മനുഷ്യാവകാശം കാക്കേണ്ടത്. ഒരു മനുഷ്യനെ അനന്തമായി അടച്ചിടുന്നത് നീതിരാഹിത്യമാണ്. ജഡ്ജി മനുഷ്യനായില്ലെങ്കിൽ മനുഷ്യാവകാശ ലംഘനങ്ങൾ കാണാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപതിറ്റാണ്ടായി നീതി നിഷേധിച്ചിട്ടും അപാര ഇച്ഛാശക്തിയിലൂടെയാണ് മഅ്ദനി അതിജീവിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ എ. മുജീബ് റഹ്മാൻ പറഞ്ഞു. നീതിനിഷേധം തുടരുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ്. മഅ്ദനയുടെ വിമോചനത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷി വിസ്താരം കഴിഞ്ഞിട്ട് വീണ്ടും വിചാരണ നടത്തുന്നത് രാജ്യത്ത് മഅ്ദനിയുടെ കാര്യത്തിൽ മാത്രമായിരിക്കുമെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. നീതിക്കെതിരായ നിയമമാണ് മഅ്ദനിയുടെ കാര്യത്തിലുണ്ടാകുന്നതെന്ന് എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു.
മഅ്ദനിക്ക് അടിയന്തരനീതി ലഭ്യമാക്കാൻ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കണമെന്നും സംസ്ഥാന സർക്കാർ കർണാടക, കേന്ദ്ര സർക്കാറുമായി വിഷയം ചർച്ച ചെയ്യണമെന്നും പ്രമേയത്തിലൂടെ പി.ഡി.പി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രമേയം അവതരിപ്പിച്ചു. അഡ്വ. വി.ഉസ്മാൻ ബംഗളുരു വിഷയാവതരണം നടത്തി.
പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ മുട്ടം നാസർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബ്രൈറ്റ് സൈഫുദ്ദീൻ പ്രതിജ്ഞ ചൊല്ലി. സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് മഅ്ദനിയുടെ സന്ദേശം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, സി.എം.പി നേതാവ് സി.പി. ജോൺ, മുൻ മന്ത്രി നീലലോഹിതദാസ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ബി.എൻ. ശശികുമാർ, പി.എം. അലിയാർ, എ. യൂനുസ്കുഞ്ഞ്, അജിത്കുമാർ ആസാദ്, കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ, എം.എസ്. നൗഷാദ് എന്നിവർ സംസാരിച്ചു.
മനുഷ്യക്കടലായി മഅ്ദനി വിമോചന റാലി
കൊല്ലം: അനീതിയോട് സന്ധിയില്ലെന്ന പ്രഖ്യാപനവുമായി പി.ഡി.പി നടത്തിയ മഅ്ദനി വിമോചന റാലി മനുഷ്യക്കടലായി. വെള്ളയിൽ ഉദയ സൂര്യൻ ആലേഖനം ചെയ്ത പതാകയുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ലിങ്ക് റോഡിൽനിന്ന് വൈകുന്നേരം അഞ്ചോടെയാണ് റാലി ആരംഭിച്ചത്.
'മനുഷ്യാവകാശ ലംഘനങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി' എന്ന മുദ്രാവാക്യവുമായാണ് റാലി മുന്നേറിയത്. സംഘടനാകാര്യ സെക്രട്ടറി വി.എം. അലിയാർ ഫ്ലാഗ് ഓഫ് ചെയ്തു. റാലി സമ്മേളന സ്ഥലമായ ക്യു.എ.സി ഗ്രൗണ്ടിൽ എത്തിയപ്പോഴും ലിങ്ക് റോഡിലെ നിര അവസാനിച്ചിരുന്നില്ല.
അഡ്വ. മുട്ടം നാസർ, വർക്കല രാജ്, മൈലക്കാട് ഷാ, സാബു കൊട്ടാരക്കര, എം.എസ്. നൗഷാദ്, മുഹമ്മദ് റെജീബ്, നിസാർ മേത്തർ, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, നിസാർ മേത്തർ, ഇബ്രാഹിം തിരൂരങ്ങാടി, അജിത് കുമാർ ആസാദ്, ശശി പൂവൻചിറ, ശശികുമാരി, രാജിമണി, റസാക്ക് മണ്ണടി, യൂസുഫ് പാന്ത്ര, മൊയ്തീൻ ചെമ്പോത്തറ, അൻവർ താമരക്കുളം, ബി.എൻ. ശശികുമാർ, കബീർ തരംഗം, ബ്രൈറ്റ് സെയ്ഫുദീൻ, ഇക്ബാൽ കരുവ തുടങ്ങിയവർ നേതൃത്വം നൽകി. മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയും പങ്കെടുത്തു.
തളരുകയോ പ്രകോപിതരാകുകയോ അരുത് -–മഅ്ദനി
കൊല്ലം: ഒരിക്കലും ഒന്നിെൻറ പേരിലും തളർന്നുപോകുകയോ പ്രകോപിതരാകുകയോ ചെയ്യരുതെന്ന് അബ്ദുന്നാസിർ മഅ്ദനി. കൊല്ലത്ത് നടന്ന മനുഷ്യാവകാശ സമ്മേളനത്തിലാണ് മഅ്ദനിയുടെ സന്ദേശം വായിച്ചത്.
മനുഷ്യാവകാശദിനത്തിൽ നീതി ലഭ്യമാക്കാൻ മഹാറാലിയും സമ്മേളനവും സംഘടിപ്പിക്കുമ്പോൾ സൂചിപ്പിക്കാനുള്ളത്, ലോകത്ത് കഠിനമായ മനുഷ്യാവകാശ ലംഘനങ്ങളെ അഭിമുഖീകരിക്കുന്ന ഏറ്റവും ആദ്യത്തെ ആളോ ഏറ്റവും അവസാനത്തെ ആളോ അല്ല താനെന്നാണ്. രോഗം ബാധിച്ച് വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് പിടിച്ച് വെള്ളംകുടിക്കാൻ കഴിയാത്തതിനാൽ സ്ട്രോ അനുവദിക്കുന്നതിനായി മാസങ്ങൾ കോടതിക്ക് മുന്നിൽ യാചിച്ചുനിൽക്കേണ്ടിവരികയും അവസാനം തടവറക്കുള്ളിൽ ദാരുണാന്ത്യം സംഭവിക്കേണ്ടിവരികയും ചെയ്ത സ്റ്റാൻസ്വാമി, ഭരണകൂട ദുർവൃത്തികൾക്കെതിരെ വിരലുയർത്തിയതിെൻറ പേരിൽ കള്ളക്കേസിൽ കുടുക്കി കാരാഗ്രഹത്തിലടച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ്ഭട്ട് വരെ മനുഷ്യാവകാശദിനത്തിൽ ഓർമകയിലെത്തണം.
തനിക്ക് നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുമ്പോൾതന്നെ സമൂഹത്തിലെ നിസ്സഹായരായ മനുഷ്യർക്കുവേണ്ടിയും നിലകൊള്ളണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.