വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകനെ വടിവാൾ കൊണ്ട് വെട്ടി
text_fieldsപരിക്കേറ്റ ജയമോഹൻ തമ്പി
കൊല്ലം: അജ്ഞാതരുടെ ആക്രമണത്തിൽ മാധ്യമ പ്രവർത്തകന് പരിക്ക്. മംഗളം ഫോട്ടോഗ്രാഫർ രാമൻകുളങ്ങര ഓന്തേഴത്ത് വീട്ടിൽ ജയമോഹൻ തമ്പി(40) യെയാണ് വടിവാൾ കൊണ്ട് വെട്ടിയത്. ആക്രമണം തടയാനുള്ള ശ്രമത്തിൽ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാർത്ത ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യമാണെന്ന് സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് അർധരാത്രിയോടെ വീട്ടിലേക്ക് പോകവേയാണ് ആക്രമണം. സ്കൂട്ടറിൽ വരുന്നവഴി വീടിനു സമീപത്തെ റോഡിൽ നൂൽക്കമ്പി വലിച്ചുകെട്ടിയിരുന്നതിൽ തട്ടി വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന്, വീടിന് തൊട്ടടുത്തെത്തിയപ്പോഴാണ് ഹെൽമറ്റും മങ്കിക്യാപ്പും ധരിച്ച രണ്ടുപേർ വടിവാളുമായി ആക്രമിച്ചത്. വീട്ടിലെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടിയെത്തിയപ്പോഴാണ് അക്രമികൾ പിൻവാങ്ങിയത്.
ശക്തികുളങ്ങര സ്വദേശിയുടെ പേരുപറഞ്ഞാണ് ആക്രമിച്ചെതന്നാണ് പൊലീസിന് നൽകിയ മൊഴി. മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേൽപിച്ച കേസ് സംബന്ധിച്ച വാർത്ത നൽകിയതിെൻറ പേരിലാണ് ആക്രമണമെന്നാണ് കരുതുന്നത്. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

