മഞ്ഞപ്പിത്തം ഉയരുന്നു, വേണം ജാഗ്രത
text_fieldsകൊല്ലം: പകർച്ചവ്യാധിക്കാലം പിടിമുറുക്കവെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടെ പിടിയിൽ നാട്. ജില്ലയിലുടനീളം പനി വ്യാപനം കുറയാതെ നിൽക്കുമ്പോഴാണ് മഞ്ഞപ്പിത്തം പടരുന്നതിനും ശമനമില്ലാതെ ആശങ്ക ഉയരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് മയ്യനാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് മഞ്ഞപ്പിത്തം വ്യാപകമായത് ആയിരുന്നു ആരോഗ്യവകുപ്പിന് വെല്ലുവിളി ആയിരുന്നതെങ്കിൽ ഇപ്പോൾ തൃക്കരുവ പഞ്ചായത്ത് മേഖല ആണ് രോഗവ്യാപനം തലവേദനയാകുന്നത്.
ജൂലൈ പിറന്നതിന് ശേഷം ജില്ലയിലെ ആരോഗ്യവകുപ്പ് കണക്കിൽ മഞ്ഞപ്പിത്തം ഒരാൾക്ക് പോലും സ്ഥിരീകരിക്കാത്തത് 20ന് മാത്രം ആണ്. ബാക്കി ഈ മാസത്തിൽ എല്ലാ ദിവസവും ഒരാൾക്കെങ്കിലും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്ന നിലയിലാണ് കടന്നുവന്നത്. ഈ മാസം ഇതുവരെ മാത്രം ആകെ 75 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഈ കണക്കിൽ ഉൾപ്പെടാത്തവരും കൂടി ചേരുമ്പോൾ സ്ഥിതി കൂടുതൽ ആശങ്ക ഉയർത്തുന്ന നിലയിലായിരുന്നു. ആദ്യ രണ്ട് ആഴ്ചയിൽ രൂക്ഷമായിരുന്നു സ്ഥിതി. അഞ്ചുപേർ വീതം വരെ ഒരേ ദിവസം രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും രോഗപ്പടർച്ചയിൽ വലിയ കുറവുണ്ടാകുന്നില്ല എന്നതാണ് ആശങ്കയാകുന്നത്.
തൃക്കരുവ പഞ്ചായത്തിൽ മാത്രം 70ഓളം പേർക്ക് രോഗബാധയുണ്ടായെന്നാണ് റിപ്പോർട്ട്. കുടിവെള്ളത്തിൽ ഇ- കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഉൾപ്പെടെ മേഖലയിൽ പലയിടത്തും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രോഗവ്യാപനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ മഞ്ഞപ്പിത്തബാധയുടെ രൂക്ഷ സ്ഥിതി പരിഗണിച്ച് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ 24ന് അവലോകന യോഗം നടത്താനും നിശ്ചയിച്ചിട്ടുണ്ട്. കിണറുകൾ ഉൾപ്പെടെ കുടിവെള്ള സ്രോതസ്സുകൾ ശുചീകരിക്കുന്നതിന് ആശവർക്കർമാരുടെ സഹായത്തിൽ നടപടികളും നീക്കുന്നുണ്ട്. രോഗം രൂക്ഷമായി പടരുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് മുന്നോട്ടുനീക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി.
അതേസമയം, പനിബാധിതരുടെ എണ്ണത്തിലും ജില്ലയിൽ കുറവുണ്ടായിട്ടില്ല. ഈ മാസം ഇതുവരെ പനിബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത് 10,751 പേരാണ്. ഡെങ്കിപ്പനിയാണ് മുന്നിട്ടുനിൽക്കുന്നത്. 193 പേർക്ക് ആണ് 20 ദിവസങ്ങൾക്കിടയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനൊപ്പം എലിപ്പനിയും ചിക്കൻപോക്സും ഉൾപ്പെടെ രോഗങ്ങളും ആശങ്കയായുണ്ട്. പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ സ്വീകരിക്കാൻ ജാഗ്രതപാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

