ജമ്മു കശ്മീരിൽ മരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി
text_fieldsജമ്മുകശ്മീരിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട സൈനികന്റെ മൃതദേഹം വീട്ടിൽ
പൊതുദർശനത്തിനുവെച്ചപ്പോൾ. ഭാര്യ നിഷ, മക്കളായ രമ്യ, ഭവ്യ എന്നിവർ സമീപം
കുന്നത്തൂർ: ജമ്മു കശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച കുന്നത്തൂർ സ്വദേശിയായ സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കുന്നത്തൂർ രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടിയാണ് (48) മരിച്ചത്. മണ്ണുമാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മഹോർ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രിയോടെ എത്തിച്ച മൃതദേഹം പാങ്ങോട് സൈനിക അധികൃതർ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്.
ശാസ്താംകോട്ടയിൽനിന്ന് ഒമ്പതോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലധികം വീട്ടിൽ പൊതുദർശനത്തിനുവെച്ചു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു. ജില്ല ഭരണകൂടത്തിനു വേണ്ടി കലക്ടർ ദേവീദാസ് റീത്ത് സമർപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് 10.30ഓടെ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ രമ്യ വിജയൻ, ഭവ്യ വിജയൻ എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. 28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വിജയൻകുട്ടി ഏപ്രിലിലാണ് അവസാനമായി നാട്ടിലെത്തിയത്. വീടിന് സമീപമുള്ള തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാണ് ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

