കടൽഭിത്തി തകർത്ത് ഐ.ആർ.ഇയുടെ കരിമണൽ ഖനനം
text_fieldsകരുനാഗപ്പള്ളി: ചവറയിലെ ഐ.ആർ.ഇ കമ്പനിയുടെ നേതൃത്വത്തിൽ കരുത്തുറ പള്ളിക്കുസമീപം കടൽഭിത്തി പൊളിച്ച് കരിമണൽ ഖനനം ചെയ്തതിനെ തുടർന്ന് പ്രദേശത്തെ എട്ടോളം വീടുകൾ തകർച്ചയുടെ വക്കിൽ. കടലാക്രമണഭീഷണിയെത്തുടർന്ന് പ്രദേശവാസികൾ ഖനനം തടഞ്ഞു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും കോടതിയുടെയും നിർദേശങ്ങളും വ്യവസ്ഥകളും പാടേ ലംഘിച്ച് ഐ.ആർ.ഇയുടെ കരാർ കമ്പനി മണൽ ഖനനം ചെയ്തതിനെ തുടർന്നാണ് പ്രദേശത്ത് കടൽ കയറിയത്. കടലാക്രമണം തടയുന്നതിനായി 50 വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പാറക്കെട്ടുകളും അതിനുപിന്നിലായി സ്ഥാപിച്ചിരുന്ന കരിമണൽതിട്ടകളും മാറ്റിയാണ് 45 അടി താഴ്ചയിൽ ഡ്രഡ്ജിങ് നടത്തിയത്. തുടർന്ന് ജനവാസമേഖലക്ക് സമീപം കടലിൽനിന്ന് വെള്ളം കയറി കൂറ്റൻ കുഴികൾ രൂപപ്പെട്ടതോടെ പ്രദേശവാസികൾ സംഘടിച്ച് ഖനനം തടയുകയായിരുന്നു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും കോടതിയുടെയും നിർദേശങ്ങളും വ്യവസ്ഥകളും ലംഘിച്ചാണ് ഐ.ആർ.ഇ കരാർ കമ്പനി ജനവാസമേഖലക്ക് സമീപം ഖനനപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പ്രദേശവാസികളായ ജനപ്രതിനിധികൾ പരാതിപ്പെട്ടു. പ്രതിദിനം 4000 ടൺ കരിമണ്ണാണ് ഈ പ്രദേശത്തുനിന്ന് ഐ.ആർ.ഇ ഖനനം ചെയ്യുന്നത്. ജനവാസമേഖലയിൽനിന്ന് നിശ്ചിത ദൂരപരിധി പാലിക്കണമെന്ന നിർദേശം ലംഘിച്ച കരാർകമ്പനിയായ ഐ.ആർ.ഇക്കെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമുണ്ട്.
ഖനനമേഖലയിൽ സംഘർഷം ഉടലെടുത്തതോടെ ഐ.ആർ.ഇ മാനേജ്മെന്റ് പ്രതിനിധികളുമായി യു.ഡി.എഫ് ചവറ നിയോജക മണ്ഡലം കൺവീനർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെതുടർന്ന് കടൽക്ഷോഭം തടയുന്നതിന് പ്ലാസ്റ്റിക് ബാഗുകളിൽ മണ്ണുനിറച്ച് മുമ്പ് കടൽഭിത്തി ഉണ്ടായിരുന്ന സ്ഥലങ്ങളിൽ നിക്ഷേപിക്കാനും കടൽഭിത്തി പൂർവസ്ഥിതിയിലാക്കാനും തീരുമാനമായി.
കടൽ കയറിയ വീടുകൾക്ക് സമീപമുള്ള സ്ഥലങ്ങളിൽ മണൽത്തിട്ടകൾ സ്ഥാപിക്കാനുള്ള ജോലികൾ ഇതിനകം ആരംഭിച്ചതായി സ്ഥലത്തുണ്ടായിരുന്ന ഐ.ആർ.ഇ ഉദ്യോഗസ്ഥർ പറഞ്ഞു. കരിത്തുറയിലെ കടൽത്തീരത്ത് ഉയരത്തിൽ വെച്ചിരുന്ന കരിമണ്ണിന്റെ സംരക്ഷണമതിൽ പുനഃസ്ഥാപിക്കണമെന്നും കടൽത്തീരത്ത് നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ വരുന്ന വീടുകൾ ഐ.ആർ.ഇ ഏറ്റെടുക്കുമ്പോൾ അവർക്ക് പുനരധിവാസം സി.ആർ. ഇസഡ് പരിധിക്ക് പുറത്ത് നൽകുന്നതിന് പ്രത്യേക പാക്കേജ് വേണമെന്നും മൈനിങ് ഏരിയക്ക് സമീപമുള്ള പ്രദേശവാസികളും രാഷ്ട്രീയപാർട്ടിപ്രതിനിധികളും ആവശ്യപ്പെടുന്നു.
ആവശ്യം നിരാകരിക്കുന്നപക്ഷം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ഖനനത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലായിട്ടും റവന്യൂവകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കാത്തത് നിരുത്തരവാദപരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

