അന്തർജില്ല വാഹന മോഷ്ടാവ് പിടിയിൽ
text_fieldsഅനസ്
കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മോഷ്ടിക്കുന്ന ഇരുചക്രവാഹനങ്ങളിൽ കറങ്ങി മാലപൊട്ടിക്കലും മറ്റ് മോഷണങ്ങളും നടത്തിവന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. തിരുവനന്തപുരം വിളപ്പിൽ, ഇടമല പുത്തൻവീട് അൻസിൽ മൻസിലിൽ അനസാണ് (34) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി കൊല്ലം റെയിൽവേ മെമു ഷെഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ കൊല്ലം ഈസ്റ്റ് പൊലീസ് പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളോട് വിവരങ്ങൾ തിരക്കിയപ്പോൾ വ്യക്തമായ മറുപടി നൽകിയില്ല.
തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിൽ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. അനസിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് മറ്റ് ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്.
അനസ് ആൻഡ് അനസ് എന്ന മോഷണ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി. വയനാട് സുൽത്താൻ ബത്തേരിയിൽനിന്ന് മോഷ്ടിച്ച വാഹനവുമായി മറ്റ് ജില്ലകളിൽ കറങ്ങി നടന്ന് മാലപൊട്ടിക്കലും മോഷണങ്ങളും നടത്തിവരികയായിരുന്നു. കറുകച്ചാലിലും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട്.
ഇവിടങ്ങളിൽനിന്നുള്ള സി.സി.ടി.വി ദ്യശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച് ജില്ലയിലും സമീപ ജില്ലകളിലും മോഷണം നടത്താനായിരുന്നു പദ്ധതി. ഈ ശ്രമമാണ് പൊലീസ് ഇടപെടലിൽ പാളിയത്.
തിരുവനന്തപുരത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളും പാരിപ്പള്ളി, കൊല്ലം ഈസ്റ്റ്, സുൽത്താൻ ബത്തേരി, കറുകച്ചാൽ സ്റ്റേഷനുകളിലെ കേസുകളും ഉൾപ്പെടെ പ്രതിക്കെതിരെ ഇരുപതിലധികം കേസുകൾ നിലവിലുണ്ട്.
ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അജികുമാർ, പ്രമോദ്, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

