അടിപ്പാതയിലെ അനധികൃത പാർക്കിങ്: നടപടിയുമായി അധികൃതർ
text_fieldsചവറ കെ. എം. എം എൽ അടിപ്പാതയിൽ സ്ഥാപിച്ച നോ പാർക്കിങ് ബോർഡും മുന്നറിയിപ്പ് അവഗണിച്ചു പാർക്ക് ചെയ്ത ബൈക്കുകളും
കരുനാഗപ്പള്ളി: ദേശീയ പാതയിൽ ചവറ കെ.എം.എം.എൽ കമ്പനിക്ക് മുന്നിലെ അടിപ്പാതയിലെ അനധികൃത പാർക്കിങ്ങിനെതിരെ അധികൃതർ നടപടിയുമായി രംഗത്ത് . ഒക്ടോബർ 23 നു മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം അധികൃതർ അടിപ്പാതക്ക് അടിയിൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചു. ഇരുവശവും ബോർഡ് സ്ഥാപിച്ചു മുന്നറിയിപ്പ് നൽകിയിട്ടും അടിപ്പാതയിൽ ഇരു ഭാഗങ്ങളിലും ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് തുടരുകയാണ്. അതേസമയം അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ ഫൈൻ ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് ചവറ എസ്.എച്ച്. എൻ. ഗിരീഷ് പറഞ്ഞു. നോ പാർക്കിങ് ബോർഡ് സ്ഥാപിച്ച ശേഷം ആദ്യ ദിനങ്ങളിൽ പാർക്കിങ് കുറഞ്ഞെങ്കിലും വീണ്ടും പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുകയാണ്.
ദേശീയപാതയിൽ നിന്നും തിരക്കേറിയ ചവറ- ശാസ്താംകോട്ട പാതയിലേക്ക് തിരിയുന്ന അടുത്തിടെ തുറന്ന അടിപ്പാതയിൽ ആണ് അനധികൃത വാഹന പാർക്കിങ് കൊണ്ട് ജനം ദുരിതത്തിൽ ആയിരുന്നത്. കൊല്ലം ഭാഗത്തു നിന്ന് ശാസ്താംകോട്ട റോഡിലേക്ക് തിരിയേണ്ട വാഹനങ്ങളും ശാസ്താംകോട്ട ഭാഗത്തു നിന്നും ദേശീയപാത വഴി കരുനാഗപ്പള്ളിയിലേക്കു പോകേണ്ട വാഹനങ്ങൾക്കും തടസം സൃഷ്ടിക്കുന്ന രീതിയിൽ ആയിരുന്നു ഇവിടെ ഇരുചക്ര വാഹനങ്ങളും കാറുകളും പാർക്ക് ചെയ്തുവന്നത് . ഒരു വർഷമായി അടഞ്ഞു കിടന്ന അടിപ്പാത ഒക്ടോബർ 17 നാണ് യാത്രക്കാർക്കായി തുറന്നു കൊടുത്തത് .
കെ.എം.എം.എൽ ജങ്ഷനിൽ വാഹനം ഇറങ്ങി ശാസ്താംകോട്ട റോഡിലേക്ക് നടന്നുവരുന്നവർ മറ്റു വാഹനങ്ങൾക്കിടയിൽ പെട്ട് അപകടം ഉണ്ടാകാൻ ഇടയാക്കുന്ന രീതിയിൽ ആയിരുന്നു അടിപ്പാതക്കു അടിയിൽ വാഹനങ്ങൾ ഇരു വശവും തലങ്ങും വിലങ്ങും പാർക്ക് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

