കിഴക്കൻമേഖലയിൽ അനധികൃത കുന്നിടിക്കൽ വ്യാപകം
text_fieldsവിലങ്ങറയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുന്നിടിച്ച നിലയിൽ
കൊട്ടാരക്കര: കിഴക്കൻമേഖലയിൽ അനധികൃത കുന്നിടിക്കൽ വ്യാപകം. തെരഞ്ഞെടുപ്പിന്റെ മറവിലാണ് കുന്നിടിക്കൽ തുടരുന്നത്. മണ്ണെടുക്കാൻ അനുമതി നൽകിയ ചില കുന്നുകൾ മൊത്തമായി ടിപ്പറിൽ കയറ്റിക്കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്. കൊട്ടാരക്കര, വാളകം, ഉമ്മന്നൂർ, ഓടനാവട്ടം, വെളിയം, കരീപ്ര, പവിത്രേശ്വരം, കുളക്കട, പൂയപ്പള്ളി ഇളമാട്, വെളിനല്ലൂർ മേഖലയിലാണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്.
പൊലീസ് വാഹനങ്ങൾ സ്‌റ്റേഷനിൽനിന്ന് മണ്ണെടുക്കുന്ന ഭാഗത്തേക്ക് വരുന്നുണ്ടെന്ന് മണ്ണ് മാഫിയയെ അറിയിക്കാൻ പൊലീസിൽ തന്നെ ആളുണ്ട്. മൈനിങ് ആൻഡ് ജിയോളജി അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പലപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് മണ്ണെടുപ്പ് നടക്കുന്നത്. കൊട്ടാരക്കര താലൂക്ക് വികസന സമിതിയിൽ മണ്ണെടുപ്പ് നടക്കുന്നുവെന്ന് തഹസിൽദാറിന്‍റെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടിക്കാർ പരാതി പറയുമെങ്കിലും നടപടി ഉണ്ടാവാറില്ല. മിക്ക താലൂക്ക് വികസന സമിതിയിലും മേഖലയിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നുവെന്ന് ആരോപണം ഉയരുമ്പോൾ അധികാരികൾ ശ്രദ്ധിക്കാമെന്ന് പറഞ്ഞൊഴിയുകയാണ് ചെയ്യുന്നത്. സ്കൂൾ സമയത്താണ് മണ്ണുമായി ടിപ്പറുകൾ പൊലീസിനെ വെട്ടിച്ച് കടന്നുകളയുന്നത്. രാത്രിയിലും പകലും മണ്ണെടുപ്പ് നടന്നിട്ടും റവന്യൂ അധികൃതർ തിരിഞ്ഞുനോക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

