ഒരു ജീവൻ പോയി; ഒടുവിൽ കച്ചവടം ഒഴിപ്പിക്കാൻ
text_fieldsകൊല്ലം : പോർട്ട് റോഡിൽ വഴിയോരം അപഹരിച്ച് നാളുകളായി തുടർന്നു വന്ന അനധികൃത മത്സ്യ കച്ചവടത്തിന് ഒടുവിൽ അവസാനം. അതിനായി നഷ്ടപ്പെടുത്തേണ്ടി വന്നത് ഒരു ജീവനും. വ്യാഴാഴ്ച പോർട്ടിന് മുന്നിൽ മത്സ്യം കയറ്റി വന്ന വാഹനം ഇടിച്ചു മൂതാക്കാര സുനാമി ഫ്ലാറ്റ് 149 ൽ രോഹിത് എന്ന 11 കാരൻ മരിച്ചതോടെയാണ് അധികൃതർ ഉണർന്ന് പ്രവർത്തിച്ച് റോഡരികിലെ മത്സ്യ കച്ചവടം അവസാനിപ്പിച്ചത്. പോർട്ടിന് സമീപത്തെ റോഡ് വശങ്ങൾ കൈയേറി മുപ്പതോളം പേരാണ് മത്സ്യ കച്ചവടം നടത്തുന്നത്. ആദ്യം ഇവർ ഹാർബറിന് അകത്തിരുന്നാണ് കച്ചവടം ചെയ്തിരുന്നത്.
എന്നാൽ, നീണ്ടകരയിൽ നിന്നുള്ള മത്സ്യം എത്തിച്ച് ഇത്തരക്കാർ വിൽപ്പന നടത്തുന്നത് പ്രശ്നമായതോടെ ഇവരെ ഹാർബറിൽ നിന്ന് ഒഴിപ്പിച്ചു. ഇതോടെയാണ് റോഡരികിൽ കച്ചവടം തുടങ്ങിയത്. കൊല്ലം കടപ്പുറത്ത് ഐസ് ഇടാത്ത മത്സ്യമാണ് വിൽക്കുന്നത്. വിലയും അൽപം കൂടുതലാണ്. എന്നാലും ഫ്രഷ് മീൻ തേടിയെത്തുന്നവർ ഇവിടെയാണ് കൂടുതൽ എത്തുന്നത്. എന്നാൽ , നീണ്ടകരയിൽ നിന്ന് മത്സ്യം വിലകുറവിൽ ലഭിക്കുന്നത് വാങ്ങി കൊല്ലം, വാടി, തങ്കശ്ശേരി മത്സ്യം എന്ന രീതിയിൽ കച്ചവടം ചെയ്യുകയാണ് റോഡരികിലെ വിൽപനക്കാർ ചെയ്തിരുന്നത്. ലാഭം നന്നായി ലഭിച്ചതോടെ ആദ്യം ഏതാനും പേർ ആയിരുന്നത് 30 ൽ അധികം ആകുകയായിരുന്നു.
ഈ മത്സ്യ കച്ചവടം കാരണം വൻ തിരക്കായിരുന്നു ഈ റോഡിൽ. വലിയ ഗതാഗത കുരുക്കും ഉണ്ടായി. അപകടങ്ങളും നേരത്തെ പലതും സംഭവിച്ചു. കോർപറേഷൻ കൗൺസിലിൽ സ്ഥലം കൗൺസിലർ ആയ ജോർജ് ഡി. കാട്ടിലിന്റെ സ്ഥിരം പരാതിയായിരുന്നു ഈ അനധികൃത കച്ചവടം. മുമ്പ് കോർപറേഷൻ ഒഴിപ്പിച്ചിട്ടും വീണ്ടും കച്ച വടക്കാർ തിരികെയെത്തി. വ്യാഴാഴ്ച നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലും ഇക്കാര്യം ചർച്ചയായി. ജോർജ് ഡി. കാട്ടിലും സ്ഥിരം സമിതി അധ്യക്ഷ യു. പവിത്രയും ഇവിടത്തെ അപകടം ചൂണ്ടിക്കാണിച്ച്, ഏതാനും മണിക്കൂർ പിന്നിട്ടപ്പോഴാണ് അതേ സ്ഥലത്ത് അപകടത്തിൽ 11 കാരന്റെ ജീവൻ പൊലിഞ്ഞത്.
ഇതോടെയാണ് വെള്ളിയാഴ്ച റോഡരികിൽ മത്സ്യകച്ചവടക്കാരെ ഇരിക്കാൻ അനുവദിക്കാതെ കോർപറേഷനും പള്ളിത്തോട്ടം പൊലീസും നടപടി എടുത്തത്. മത്സ്യ കച്ചവടത്തിന് കെട്ടിയുണ്ടാക്കിയ ബങ്കറുകൾ പൊളിക്കണമെന്ന് കാട്ടി നോട്ടീസും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

