ആശ്രാമത്ത് മണ്ണുമാന്തികളുടെ കൂറ്റൻ റാലി
text_fieldsമണ്ണു മാന്തി യന്ത്രങ്ങൾ ആശ്രാമം മൈതാനത്ത് അണിനിരന്നപ്പോൾ
കൊല്ലം: സാധാരണയായി രാഷ്ട്രീയ സംഘടനകളും സാമൂഹിക കൂട്ടായ്മകളും നടത്തുന്ന റാലികളാണ് കൊല്ലം നഗരം പതിവായി കാണുന്നത്. എന്നാൽ, ഇന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെ പ്രതിഷേധ റാലിക്കാണ് ആശ്രാമം സാക്ഷ്യം വഹിച്ചത്. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന മണ്ണുമാന്തി ഉൾപ്പെടെയുള്ളവയുടെ വാടക 10 മുതൽ 20 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതിനെതിരെയായിരുന്നു നൂറുകണക്കിന് മണ്ണു മാന്തി യന്ത്രങ്ങളുടെ റാലി. കൺസ്ട്രക്ഷൻ എക്വിപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല മേഖല കമ്മിറ്റിയാണ് റാലി സംഘടിപ്പിച്ചത്.
പുതിയ നിരക്ക് ഒക്ടോബർ 13 മുതൽ പ്രാബല്യത്തിൽ വരും. മണിക്കൂറിന് ഏകദേശം 1500 രൂപയാകും പുതിയ നിരക്ക്. നൂറുകണക്കിന് മണ്ണുമാന്തികളും ആധുനിക യന്ത്രവത്കൃത എക്സ്കവേറ്ററുകളും പങ്കെടുത്തു. റാലിക്ക് ശേഷം മണ്ണുമാന്തി യന്ത്രങ്ങളുടെ പൊതുജന പ്രദർശനവും ആശ്രമം മൈതാനിയിൽ നടന്നു.
30 വർഷമായി നിരക്കിൽ മാറ്റമുണ്ടായിരുന്നില്ലെന്നും, വാഹനവില, പാർട്സ്, ഇന്ധന ചെലവുകൾ, സർക്കാർ നിയന്ത്രണങ്ങൾ, അടിയന്തര പിഴ ചുമത്തലുകൾ, ഓട്ട സമയം നിയന്ത്രണങ്ങൾ എന്നിവയെല്ലാം മേഖലയുടെ നിലനിൽപിനെ ബാധിച്ചിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി. റാലി അസോ. പ്രസിഡന്റ് ജിജി കടവിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വിഷ്ണു പത്തനാപുരം റാലിക്ക് ഫ്ലാഗ് ഓഫ് നൽകി. ജില്ല സെക്രട്ടറി ജയൻ കടയ്ക്കൽ, എസ്.സിയാദ്, യു. ഉല്ലാസ്, എസ്. പ്രകാശ്, ജി. ജയൻ, എസ്. ഹക്കീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

