മതിൽ തകർന്ന് വീട്ടമ്മയുടെ മരണം; ദുരന്തം മറക്കാനാവാതെ ബന്ധുക്കൾ
text_fieldsകണ്ണനല്ലൂർ: കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ ഓർമകൾ മറക്കാനാവാതെ അമീനയുടെ മക്കളും ബന്ധുക്കളും. അമീനയുടെ വീട്ടിൽ വർഷം തോറുമുള്ള ജീലാനി ആണ്ടുനേർച്ച തിങ്കളാഴ്ച നടത്താനാണ് തിരുമാനിച്ചിരുന്നത്. ഇതിനായി ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ആണ്ടുനേർച്ച ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
വിവരമറിയാതെ ബന്ധുക്കൾ അമീനയുടെ വീട്ടിലെത്തി.
തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ വീടിനു മുന്നിൽ കെട്ടിക്കിടന്ന വെള്ളം ഒഴുക്കിവിടാനായി പുറത്തേക്കിറങ്ങിയ ഇവരുടെ പുറത്തേക്ക് അമ്പതടിയോളം നീളത്തിലുള്ള കോൺക്രീറ്റ് മതിൽ തകർന്നുവീഴുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ബന്ധുവും പള്ളിമുക്ക് സ്വദേശിയുമായ അൽഫിയ ഓടി മാറിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാനായി.
തങ്ങളുടെ കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതരാകാൻ കഴിയാത്ത നിലയിലാണ് അമീനയുടെ മക്കൾ. മാതാവ് കോൺക്രീറ്റിനടിയിൽ കിടക്കുമ്പോൾ ഒന്നും സംഭവിക്കരുതെന്ന പ്രാർഥനയോടെ വാവിട്ട് നിലവിളിക്കാൻ മാത്രമേ മക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞുള്ളൂ. അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ കഴിയുന്ന ഇവർക്കും സംഭവത്തിന് സാക്ഷികളാകേണ്ടിവന്ന മറ്റുള്ളവർക്കും സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ഗ്രാമത്തെയാകെ ദുഃഖത്തിലാക്കി
കണ്ണനല്ലൂർ: കോൺക്രീറ്റ് മതിൽ തകർന്നുവീണ് വീട്ടമ്മ മരിച്ചെന്ന വാർത്ത മുട്ടയ്ക്കാവ് ഗ്രാമത്തെയാകെ ദുഃഖത്തിലാക്കി. സംഭവമറിഞ്ഞ് നൂറു കണക്കിനാളുകളാണ് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. സംഭവം നടക്കുമ്പോഴും, രക്ഷാപ്രവർത്തനം നടക്കുമ്പോഴും പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വലിയ ജനാവലിയാണ് സംഭവസ്ഥലത്തെത്തിയത്. ഉച്ചയോടെ കണ്ണനല്ലൂർ പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു.
മൃതദേഹം പുറത്തെടുത്തത് ഏറെ പണിപ്പെട്ട്
കൊട്ടിയം: കോൺക്രീറ്റ് മതിൽ തകർന്നുവീണ് കോൺക്രീറ്റ് പാളികൾക്കടിയിൽപെട്ട് മരിച്ച വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത് ഏറെ പണിപ്പെട്ട്. ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാനായത്. കനത്തമഴയും, പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പി.സി. വിഷ്ണുനാഥ് എം.എൽ.എ, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജ ബിജു, ബിനുജാ നാസർ, മുൻ പഞ്ചായത്ത് അംഗങ്ങളായ ആസാദ്, നാസറുദീൻ, മൻസൂർ, ആസാദ് നാൽപങ്ങൽ, നാസിമുദീൻ ലബ്ബ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

