അപകടങ്ങൾ ആവർത്തിച്ചിട്ടും നടപടിയില്ല; കല്ലുവാതുക്കലിൽ കുന്നുകൾ ഇടിച്ചുതീർക്കുന്നു
text_fieldsചാത്തന്നൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ അടക്കം ചെറുതും വലുതുമായ മണ്ണിടിച്ചിൽ ദുരന്തങ്ങൾ ആവർത്തിച്ചിട്ടും പാഠം പഠിക്കാതെ അധികൃതർ. ദേശീയപാത നിർമാണത്തിന്റെ മറവിൽ കല്ലുവാതുക്കൽ, പൂയപ്പള്ളി പഞ്ചായത്തുകളിൽ കുന്നുകളിടിച്ച് മണ്ണെടുപ്പ് നിർബാധം തുടരുന്നു. ഇത്തിക്കര ആറിന്റെ തീരപ്രദേശത്തും അനുബന്ധ സ്ഥലങ്ങളിലുമായി ഏക്കർ കണക്കിന് കുന്നുകളാണ് ഇതിനകം ഇടിച്ചു നിരത്തിയത്. പൊലീസ്, ജിയോളജി, റവന്യൂ വകുപ്പുകൾ കണ്ണടച്ചിരിക്കുകയാണ് എന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
പണം നൽകി പാസ് ലഭിച്ചാൽ പിന്നെ ചോദിക്കാനാരുമില്ല എന്ന നിലയാണ്. പാസിൽ അനുവദിച്ചതിന്റെ ഇരട്ടിയും മൂന്നിരട്ടിയും മണ്ണ് തുരന്നെടുക്കുന്നു. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനോ എടുത്ത മണ്ണിന്റെ അളവ് കണക്കാക്കാനോ തയാറാകുന്നില്ലെന്നാണ് പ്രദേശവാസികളടെ പരാതി. എത്ര ടൺ മണ്ണെടുത്തു എന്നതിന് ഒരു രേഖയും ഇല്ല. കുന്നിടിക്കുന്നതും മണ്ണ് കടത്തുന്നതും എവിടെ കൊണ്ടുപോകുന്നുവെന്നും ആർക്കും അറിയില്ല. റവന്യൂവും ജിയോളജിയും ഫയലിൽ ഒതുങ്ങുന്നു എന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തെ വെട്ടിമുറിച്ചതുപോലെയാണ് മണ്ണെടുപ്പ്. കല്ലുവാതുക്കൽ അടുതലയിൽ നൂറടിയോളം ഉയരമുണ്ടായിരുന്ന കുന്ന് പൂർണമായും ഇല്ലാതായ നിലയിലാണ്. 11 ഏക്കറോളം പ്രദേശത്ത് വലിയ ഗർത്തമാണ് ഇപ്പോഴുള്ളത്. മധ്യത്തിൽ അഞ്ചുസെന്റിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. ശ്രദ്ധയിൽപ്പെടാതിരിക്കാൻ അകത്തേക്ക് ഒറ്റവഴി മാത്രമാണ്. പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന ബോർഡും വെച്ചിട്ടുണ്ട്. സമാനമായി നിരവധി കുന്നുകളാണ് ഇതുപോലെ പ്രദേശത്ത് ഇടിച്ചു നിരത്തിയത്.
മഴവെള്ള സംഭരണികളായ കുന്നുകൾ ഇല്ലാതാകുന്നതോടെ ഭൂഗർഭജലം താഴുകയും കുടിവെള്ളക്ഷാമത്തിന് കാരണമാകുകയും ചെയ്യുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ഒരു വർഷം മുമ്പ് ഇവിടെ മൺകുന്ന് ഇടിഞ്ഞ് അടുതല പയ്യക്കോട് റോഡിലേക്ക് വീണിരുന്നു. കുന്നിന്റെ ഒരു വശത്ത് ഇത്തിക്കര ആറും റോഡും മറുവശത്ത് ജനവാസ കേന്ദ്രങ്ങളുമാണ്.
പലരുടെയും സ്ഥലം വിലക്ക് വാങ്ങിയാണ് മാഫിയ മണ്ണെടുക്കുന്നത്. ചെറുതും വലുതുമായ നിരവധി സംഘങ്ങൾ മലകൾ ഇടിച്ചുനിരത്തി മണ്ണ് വിറ്റു വൻലാഭം കൊയ്യുന്നുണ്ട്. വയനാട് പോലെ ദുരന്തം ആവർത്തിക്കും മുമ്പ് അശാസ്ത്രീയ മണ്ണെടുപ്പിൽ നടപടി എടുക്കണമെന്നും കർശന പരിശോധന നടത്തണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

