വ്യാപക മഴ: 50 ഓളം വീടുകൾ വെള്ളത്തിൽ
text_fieldsകൊട്ടിയം: തിങ്കളാഴ്ച പെയ്ത മഴയിൽ തൃക്കോവിൽവട്ടം പഞ്ചായത്തിലെ കുറുമണ്ണ വെറ്റിലത്താഴം വാർഡുകളിലെ കണിയാൻതോട് മേഖലയിലെ 30 ഓളം വീടുകൾ വീണ്ടും വെള്ളത്തിനടിയിലായി. കുറുമണ്ണ പുത്തൻവീട്ടിൽ ഓമന, പ്രസാദ് ഭവനിൽ പ്രസാദ്, സിന്ധു മീനു ഭവൻ, ബീന മനുഭവൻ, ഹംസത്ത് തവളന്റഴികം, രാജേന്ദ്രൻ അനശ്വരം, മണിയൻ മിഥുൻ ഭവനം, വിവേക് പുത്തൻ വയലിൽ വീട്, മുരളീധരൻ വിനീത് ഭവനം, ജമീലബീവി ഒറ്റപ്ലാവിള വീട്, സബീന ചരുവിള വീട്, കാസിം ബീവി എന്നിവരുടെ വീടുകളാണ് പൂർണമായും വെള്ളത്തിലായത്. മൂന്ന് വീട്ടുകാരെ ഇവിടെനിന്ന് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്തും ഇവിടെ വെള്ളം കയറിയിരുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ എം. സജീവിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ പ്രദേശത്ത് എത്തി. തുടർന്ന് മേജർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടു. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
കുറുമണ്ണ വാർഡ് മെംബർ അമ്മുമോൾ, വെട്ടിലത്താഴം വാർഡ് മെംബർ ഗംഗദേവി ആശാവർക്കർ ബിന്ദു, പൊതുപ്രവർത്തകരായ ശ്രീജിത്ത് സുദർശൻ, സ്വരാജ്, ആർ.എസ്. ഭാസ്കരനുണ്ണി, പ്രകാശ് എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മലയിടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ
അഞ്ചാലുംമൂട്: കനത്തമഴയിൽ മലയിടിഞ്ഞ് പി.ഡബ്ല്യു.ഡി റോഡ് അപകടാവസ്ഥയിൽ. നീരാവിൽ കുരീപ്പുഴ റോഡിൽ പുത്താട്ടുവിള ക്ഷേത്രത്തിന് സമീപമാണ് മലയിടിഞ്ഞത്. കൂറ്റൻ പാറ ഇളകി മാറിയതിനാൽ വാഹനങ്ങൾ വശം ചേർന്ന് വന്നാൽ റോഡ് ഇടിഞ്ഞുതാഴുന്ന അവസ്ഥയിലായി. കലക്ടർ ദേവിദാസ്, തഹസിൽദാർ ജാസ്മിൻ, കോർപറേഷൻ, പി.ഡബ്ല്യു.ഡി അധികൃതൽ എന്നിവർ സ്ഥലം സന്ദർശിച്ചു. അഞ്ചാലുംമൂട് പൊലീസ് എത്തി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കുരീപ്പുഴ പാലമൂടിന് സമീപവും മലയിടിഞ്ഞു. കുരീപ്പുഴ വടക്കേച്ചിറ, തെക്കേച്ചിറ ഭാഗങ്ങളിൽ എഴുപതോളം വീടുകളിൽ വെള്ളംകയറി. അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് ദുരിതബാധിതരെ കുരീപ്പുഴ യു.പി സ്കൂളിലേക്ക് മാറ്റി. കൗൺസിലർ ഗിരിജ തുളസിയുടെ നേതൃത്വത്തിൽ രാത്രിതന്നെ സ്കൂളിൽ ദുരാതാശ്വാസ ക്യാമ്പ് തുറന്നു. നീരാവിൽ വയലിൽ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. കൗൺസിലർ സിന്ധുറാണിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനം നടത്തി.
വീട് തകർന്നു
കൊട്ടിയം: മഴയെതുടർന്ന് വീട് തകർന്നു. പള്ളിമൺ ഇളവൂർ രഘു സദനത്തിൽ രഘുനാഥക്കുറുപ്പിന്റെ വീടാണ് തകർന്നത്. രഘുനാഥക്കുറുപ്പും ഭാര്യയും മക്കളും ഉൾപ്പെടെ നാലംഗങ്ങളാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഉണർന്ന് ഓടിമാറിയതിനാൽ നിസ്സാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു.
മഴയിൽ നാശം
കൊട്ടിയം: കനത്ത മഴയിൽ റോഡ് ഇടിഞ്ഞതിനെതുടർന്ന് വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. സംഭവ സമയം റോഡിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
തൃക്കോവിൽവട്ടം പഞ്ചായത്തിൽ കണ്ണനല്ലൂർ അക്ഷര സ്കൂൾ റോഡിലാണ് റോഡിന്റെ സംരക്ഷണഭിത്തിയും പാറക്കെട്ടുകളും കോൺക്രീറ്റ് സ്ലാബുകളും തകർന്നത്. ഇതോടെ റോഡരികിലെ വൈദ്യുത പോസ്റ്റുകളും വൃക്ഷങ്ങളും കടപുഴകി വീഴുകയായിരുന്നു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, പഞ്ചായത്ത് മെംബർമാരായ സജ്ജാദ് സലീം, ഷീബ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലീം, രാധാകൃഷ്ണൻ, അബ്ദുൽ വഹാബ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ചുറ്റുമതിൽ തകർന്നു
കണ്ണനല്ലൂർ: തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു. ബിരുദ വിദ്യാർഥിനി തലനാരിഴക്ക് രക്ഷപ്പെട്ടു. നെടുമ്പന മുട്ടയ്ക്കാവ് ഗവ. എൽ.പി സ്കൂളിന് സമീപം ദാറുസ്സലാമിൽ ബദീഹുദ്ദീന്റെ മകൾ അഹദയാണ് (18) അപകടത്തിൽനിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിന് കിഴക്കുവശമുള്ള കിണറിന് സമീപം നിൽക്കവെ അയൽവാസിയുടെ വീടിന്റെ ചുറ്റുമതിൽ ഒന്നാകെ നിലംപൊത്തുകയായിരുന്നു. മതിൽ തകരുന്ന ശബ്ദം കേട്ട് ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

