കര കവിഞ്ഞൊഴുകിയ പുഴ മുറിച്ച് നീന്തിയയാളെ മണിക്കൂറുകൾക്കുശേഷം മരക്കൊമ്പില്‍നിന്ന് രക്ഷിച്ചു
text_fieldsമുക്കത്ത് വെള്ളം കയറിയ വീട്
കുളത്തൂപ്പുഴ: കര കവിഞ്ഞൊഴുകിയ പുഴ അര്‍ധരാത്രിയില്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട്, പുഴയോരത്തെ മരക്കൊമ്പില്‍ പിടിച്ചുതൂങ്ങി കിടന്നയാളെ പുലര്‍ച്ചെ നാട്ടുകാരെത്തി രക്ഷിച്ചു. കഴിഞ്ഞദിവസം കുളത്തൂപ്പുഴ അമ്പതേക്കറിലാണ് സംഭവം. അമ്പതേക്കര്‍ കുന്നുംപുറത്ത് ജോസ് ഹൗസില്‍ കരടിയെന്ന പേരില്‍ അറിയപ്പെടുന്ന ബിജു (52) ആണ് സാഹസത്തിന് മുതിര്‍ന്നത്. വൈകുന്നേരം മുതല്‍ തന്നെ പ്രദേശത്തേക്കുള്ള യാത്രാമാര്‍ഗമായ കുഞ്ഞുമാന്‍തോട് പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു.
ഇതിനിടെ രാത്രിയോടെ അച്ചന്‍കോവിലില്‍ നിന്നും ജോലി കഴിഞ്ഞെത്തിയ ബിജു തോടിന് സമീപമെത്തിയെങ്കിലും പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ ഇറങ്ങിയില്ല. മണിക്കൂറുകള്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ െചലവഴിച്ച ശേഷം പുലര്‍ച്ചെ നാലോടെ തോട് നീന്തിക്കടക്കുന്നതിന് ശ്രമിക്കുകയും ശക്തമായ ഒഴുക്കില്‍പെടുകയുമായിരുന്നു.ഒഴുക്കിനിടെ പുഴയോരത്ത് നില്ക്കുന്ന മരത്തിെൻറ ചില്ലയില്‍ പിടികിട്ടുകയും മരക്കൊമ്പിലേക്ക് വലിഞ്ഞുകയറുകയും ചെയ്തു. നേരം പുലര്‍ന്നതോടെ മരക്കൊമ്പിലിരുന്നു നിലവിളിക്കുകയും ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കയറും മറ്റുമായി പുഴനീന്തി മരത്തിലെത്തി ഇയാളെ കരക്കെത്തിക്കുകയുമായിരുന്നു.
ഒഴുക്കിൽപെട്ടയാളെ പൊലീസ് രക്ഷപ്പെടുത്തി
അഞ്ചൽ: ഒഴുക്കിൽപ്പെട്ടയാളെ മൂന്ന് മണിക്കൂറിന് ശേഷം പൊലീസെത്തി രക്ഷപ്പെടുത്തി. ഇത്തിക്കരയാറ്റിൽ ആനപ്പുഴയ്ക്കൽ ഭാഗത്ത് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി മുത്തുവിനെയാണ് (45) രക്ഷപ്പെടുത്തിയത്. ആറ്റിലൂടെ ഒഴുകി വരുന്ന നാളികേരം ഉൾപ്പെടെയുള്ള സാധനങ്ങൾ പിടിച്ചെടുക്കാനായി ഒഴുക്ക് കുറഞ്ഞ ഭാഗത്ത് നിൽക്കുകയായിരുന്ന മുത്തു പെട്ടെന്ന് കാൽവഴുതി ഒഴുക്കിൽെപടുകയായിരുന്നെത്ര.
ഈ സമയം ആറ്റിെൻറ ഇരുകരയിലും വെള്ളം കാണാനെത്തിയ നിരവധി പേർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും മുത്തുവിനെ സഹായിക്കാൻ കഴിഞ്ഞില്ല. കുറേ ദൂരം ഒഴുകിപ്പോയ മുത്തു ആറ്റിലേക്ക് ചാഞ്ഞുകിടന്ന മുളഞ്ചില്ലയിൽ പിടിച്ച് കിടക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസെത്തി മുത്തുവിനെ രക്ഷപ്പെടുത്തി. എസ്.ഐ ഷാജഹാൻ, ഹോം ഗാർഡ് സന്തോഷ് എന്നിവരാണ് ആറ്റിലിറങ്ങി മുത്തുവിനെ രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിന് വീണ്ടും കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ
കൊല്ലം: വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വീണ്ടും കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ. പത്തനംതിട്ടയിൽ വെള്ളപ്പൊക്കമുണ്ടായ വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നുള്ള മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി പോയി രക്ഷാപ്രവർത്തനത്തിെൻറ ഭാഗമായി.
കൊല്ലം വാടി, പോർട്ട് കൊല്ലം, മുദാക്കര എന്നിവിടങ്ങളിൽനിന്ന് ഞായറാഴ്ച പുലര്‍ച്ചെ ഏഴ് വള്ളങ്ങളാണ് മല്ലപ്പള്ളി, പന്തളം, ആറന്മുള പ്രദേശങ്ങളിലെത്തിയത്. റോബിൻസണിെൻറ നേതൃത്വത്തിലുള്ള ബേത്ഷുവാ വള്ളത്തിൽ മല്ലപ്പള്ളി കോട്ടങ്ങൽ പഞ്ചായത്തിൽ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ 62ഓളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
തിരുകുടുബം, പത്തീഷ മോൾ എന്നീ വള്ളങ്ങളും മല്ലപ്പള്ളിയിൽ വിവിധയിടങ്ങിൽ ആളുകളെ സുരക്ഷിതരാക്കാൻ ഉപയോഗിച്ചു. മറ്റ് വള്ളങ്ങള്‍ സജ്ജമായി നിൽക്കുകയാണ്. 20 വള്ളങ്ങൾ കൂടി ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി വീണ ജോർജ്, പ്രമോദ് നാരായണൻ എം.എൽ.എ, പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു.
വെള്ളപ്പാച്ചിലിലെത്തിയ മലമ്പാമ്പ് പിടിയിൽ
കൊട്ടിയം: വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മലമ്പാമ്പ് താറാവിനെ പിടികൂടി ഭക്ഷിക്കുന്നതിനിടെ നാട്ടുകാരെത്തി വലയിലാക്കി വനംവകുപ്പിന് കൈമാറി. മൈലക്കാട് കാഞ്ഞിരംകടവിൽ ഞായറാഴ്ച രാവിലെയാണ് മലമ്പാമ്പിനെ കണ്ടെത്തിയത്.കടവിനടുത്തുള്ള താറാവ് വളർത്തൽ കേന്ദ്രത്തിൽനിന്ന് താറാവിനെ ഭക്ഷിക്കുന്നതിനിടെയാണ് നാട്ടുകാർ കോരുവലയിൽ കോരി മലമ്പാമ്പിനെ കെണിയിലാക്കിയത്.നാട്ടുകാരായ ബിജുഖാൻ, സിദ്ധീക്ക്, അജി കാടിയാതി എന്നിവർ ചേർന്നാണ് പാമ്പിനെ വലയിലാക്കിയത്.അഞ്ചൽ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയച്ചതനുസരിച്ച് റേഞ്ച് ഓഫിസർ ടി.എസ്. സജു, എസ്.എഫ്.ഒ രാജേഷ്, ബി.എഫ്.ഒ എ. ദിലീപ്, ആർ.ആർ.ടി അസി. മനോജ് എന്നിവർ സ്ഥലത്തെത്തി മലമ്പാമ്പിനെ ഏറ്റെടുത്തു. കഴിഞ്ഞദിവസം തോരാതെ പെയ്ത മഴയിൽ ഇത്തിക്കരയാറിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് വെള്ളത്തിൽ ഒഴുകി വന്നതാണ് മലമ്പാമ്പെന്നാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം.
പുനലൂരിൽ പത്തോളം വീടുകൾ തകർന്നു
പുനലൂർ: കനത്ത മഴയിൽ പുനലൂർ താലൂക്കിൽ രണ്ടു ദിവസത്തിനിടെ പത്തോളം വീടുകൾ തകർന്നു. ശനിയാഴ്ച അഞ്ചും ഞായറാഴ്ച മറ്റ് വീടുകളും തകർന്നു. എന്നാൽ നൂറോളം വീടുകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.മറ്റ് നിർമാണപ്രവർത്തനങ്ങളുടെ നാശം, കൃഷി നാശം എന്നിവയുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. ഇടപ്പാളയം പള്ളിമുക്കിൽ സുദർശനെൻറ പൊടിപ്പ് മിൽ ശനിയാഴ്ച വൈകീട്ട് തകർന്നു. കൂടാതെ ഇരുളൻകാട്ടിൽ ചന്ദ്രൻ, തുളസി എന്നിവരുടെ വീടുകളും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

