ദുരിതം വിതച്ച് തോരാ മഴ; ഇരുൾമൂടി വാനം, കെടുതിയിൽ നാട്
text_fieldsനെല്ലിക്കുന്നത്ത് വയലും തോടും ഒന്നിച്ച നിലയിൽ
കൊല്ലം: ഇരുൾമൂടിയ ആകാശവും തോരാതെ പെയ്ത മഴയുമായി ജില്ലയിൽ ദുരിതദിനമായിരുന്നു ശനിയാഴ്ച. ജില്ലയിലാകെ തുടർച്ചയായി പെയ്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറുകയും വീടുകളും കൃഷികളും നശിക്കുകയും ചെയ്തു.
അതിശക്തമായ മഴയിൽ ജലസ്രോതസ്സുകൾ കരകവിഞ്ഞൊഴുകുന്ന കിഴക്കൻ മേഖലയിലാണ് ദുരിതം കൂടുതൽ. ജില്ലയിൽ ഒരു വീട് പൂർണമായും 35 വീടുകൾ ഭാഗികമായും തകർന്നു. കല്ലടയാർ പുനലൂർ മേഖലയിൽ അപകട പരിധി കടന്ന് കവിഞ്ഞൊഴുകുകയാണ്. ഷട്ടർ തുറന്ന തെന്മല പരപ്പാർ ഡാം മേഖലയിൽ കനത്ത വെള്ളപ്പൊക്ക ഭീഷണിയാണുള്ളത്. പള്ളിക്കല്‍, അച്ചൻകോവിൽ, ഇത്തിക്കരയാറുകളിലും ജലനിരപ്പുയർന്ന് സമീപപ്രദേശങ്ങളിൽ വെള്ളം കയറി.
കൊല്ലം താലൂക്കിൽ എട്ട് വീടുകൾ ഭാഗികമായി തകർന്നു. ഒമ്പത് ക്യാമ്പുകൾ താലൂക്കിൽ സജ്ജമായിട്ടുണ്ട്. ഒന്നും പ്രവർത്തനം ആരംഭിച്ചിട്ടില്ല. കരുനാഗപ്പള്ളി താലൂക്കിൽ കനത്തമഴയിൽ ഒരു വീട് പൂർണമായി തകർന്നു. 10 വീടുകളാണ് ഭാഗികമായി തകർന്നത്. പാവുമ്പ ചുരുളിയിൽ പലയിടങ്ങളിലും വെള്ളംകയറി.
താലൂക്കിലെ 17 വില്ലേജുകളിലായി 55 ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഒരിടത്തും ആളുകളെ പാർപ്പിക്കേണ്ട സ്ഥിതി വന്നിട്ടില്ല. കുന്നത്തൂർ താലൂക്കിൽ വെസ്റ്റ് കല്ലട അയ്തോട്ടുവയിൽ കടുത്ത വെള്ളക്കെട്ടുണ്ട്. താലൂക്കിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. ഒരു കാലിത്തൊഴുത്ത് പൂർണമായും തകർന്നു. 22 ക്യാമ്പുകൾ മേഖലയിൽ പൂർണസജ്ജമാണ്.
പത്തനാപുരം താലൂക്കിൽ ശക്തമായ മഴയാണുണ്ടായത്. പിറവന്തൂരിലെ അലിമുക്കിൽ വീടുകളിൽ വെള്ളംകയറി. ഇവിടെ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു വീട് ഭാഗികമായി തകർന്നു. 29 ക്യാമ്പുകൾ സജ്ജമാണ്.
പുനലൂർ താലൂക്കിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. 15 ക്യാമ്പുകൾ സജ്ജമാണ്. കൊട്ടാരക്കര താലൂക്കിൽ വാളകത്ത് എം.സി റോഡിൽ വെള്ളംകയറി. 22 വീടുകൾ ഭാഗികമായി തകർന്നു. ഒരു കിണർ പൂർണമായും തകർന്നു. 33 ക്യാമ്പുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
മഴക്കെടുതി നേരിടാന്‍ ക്രമീകരണം –കലക്ടര്‍
കൊല്ലം: കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുെന്നന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സന് കൂടിയായ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതാപ്രദേശങ്ങളിലും നിലവില്‍ വെള്ളം കയറിയ ഇടങ്ങളിലും പ്രത്യേക സഹായസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അതത് മേഖലയിലെ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയാണ് പ്രവര്‍ത്തനം. ആവശ്യമായ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുകയാണ്. കോവിഡ് മാനദണ്ഡപ്രകാരമാണ് ഇവ പ്രവര്‍ത്തിക്കുക.
കിഴക്കന്‍മേഖലയില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം ഗതാഗതതടസ്സം നേരിടുന്നുണ്ട്. ഇവിടെ പൊലീസ്, അഗ്നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിലും റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ സഹായത്തിലുമാണ് അടിയന്തര സഹാവും ഗതാഗത ക്രമീകരണവും നടത്തുന്നത്. പലയിടത്തും വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചില്‍-വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
മണ്ണിടിച്ചില്‍ അടക്കമുള്ള അടിയന്തര സാഹചര്യം നേരിടാന്‍ ജെ.സി.ബി, ക്രെയിന്‍ ഓപറേറ്റര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവരെ സജ്ജമാക്കി. തീരദേശ മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കടലോര ജാഗ്രതാ സമിതി, കോസ്റ്റല്‍ െപാലീസ് എന്നിവക്ക് നിര്‍ദേശം നല്കി.
നദീ തീരങ്ങളിൽ താമസിക്കുന്നവർ നിര്‍ദേശങ്ങള്‍ പാലിക്കണം
കൊല്ലം: നദികളുടെ തീരത്ത് താമസിക്കുന്നവർ സ്ഥിതിഗതിക്കനുസൃതമായി അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കിഴക്കന്‍മേഖലയിലെ പാതയോരങ്ങളില്‍ അപകടാവസ്ഥയില്‍ തുടരുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് മരുന്ന് ഉറപ്പാക്കാന്‍ ഡി.എം.ഒക്ക് നിർദേശം നല്കി.
കോവിഡ് പരിശോധനയുടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്യാമ്പുകളില്‍ മാത്രമായി ആൻറിജന്‍ പരിശോധനയും നടത്തും. ഇവിടങ്ങളില്‍ വാക്സിനേഷന് സൗകര്യവും ഏര്‍പ്പെടുത്തി. പനി ലക്ഷണമുള്ളവര്‍ക്ക് പ്രത്യേക സൗകര്യമാണ് ഒരുക്കുന്നത്. മീന്‍പിടിത്തത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കര്‍ശനമായി പാലിക്കുന്നുവെന്ന് ഫിഷറീസ് വകുപ്പ് ഉറപ്പാക്കണം. കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരും.ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണയെ ചുമതലപ്പെടുത്തി.
പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും പുരോഗതിയും എ.ഡി.എം എന്‍. സാജിതാ ബീഗമാണ് വിലയിരുത്തേണ്ടത്. സിറ്റി പൊലിസ് കമീഷണര്‍ ടി. നാരായണന്, റൂറല്‍ എസ്.പി കെ.ബി. രവി എന്നിവര്‍ക്കാണ് ഗതാഗത നിയന്ത്രണം ഉള്‍പ്പടെ അടിയന്തരഘട്ട പ്രതികരണ ചുമതല. കിഴക്കന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്.ഡി.ഒ ബി. ശശികുമാറിനെ നിയോഗിച്ചു.
അടിയന്തര സാഹചര്യത്തിൽ വിളിക്കാം
ജില്ല കൺട്രോൾ റൂം -1077, 04742794002, 04742794004
കൊല്ലം താലൂക്ക് ഒാഫിസ് -0474 274 2116
കരുനാഗപ്പള്ളി താലൂക്ക് ഒാഫിസ് -0476 262 0223
കൊട്ടാരക്കര താലൂക്ക് ഒാഫിസ് -0474 245 4623
കുന്നത്തൂർ താലൂക്ക് ഒാഫിസ് -0476 283 0345
പത്തനാപുരം താലൂക്ക് ഒാഫിസ് -0475 235 0090
പുനലൂർ താലൂക്ക് ഒാഫിസ് -0475 222 2605
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

