ദുരിതം പെയ്തിറങ്ങുന്നു
text_fieldsകുളത്തൂപ്പുഴ അമ്പതേക്കര്‍ പാലം മലവെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനം
നടത്തുന്ന യുവാക്കള്‍
കുളത്തൂപ്പുഴ: കിഴക്കന്‍ മലയോരമേഖലയില്‍ രണ്ടു ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നിരവധി പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. പ്രധാന പുഴയായ കുളത്തൂപ്പുഴയാര്‍, ചണ്ണമല തോട്, മുപ്പതടിപ്പാലം തോട്, കുഞ്ഞുമാന്‍തോട് തുടങ്ങിയവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പുഴയോരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളം കയറിയ നിലയിലാണ്. കല്ലുവെട്ടാംകുഴി, വില്ലുമല, രണ്ടാംമൈല്‍, ചെറുകര തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കറുകളോളം കൃഷിയിടം വെള്ളത്തിനടിയിലാണ്.
പെരുവഴിക്കാല ആദിവാസി കോളനിയിലേക്കുള്ള വനപാതയില്‍ വന്‍ തേക്കുമരം കടപുഴകി യാത്രാമാർഗം തടസ്സപ്പെട്ടു. വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് അമ്പതേക്കറില്‍ 12 കുടുംബങ്ങളെയും അമ്പലം വാര്‍ഡില്‍ ആറ് കുടുബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ രാത്രിയില്‍ വില്ലുമല ട്രൈബല്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് അന്തേവാസികളായ 33 വിദ്യാര്‍ഥിനികളെയും ജീവനക്കാരെയും സമീപത്തായുള്ള എല്‍.പി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അധികൃതരുടെ നിര്‍ദേശാനുസരണം തിങ്കളാഴ്ച വൈകീട്ടോടെ ഭൂരിഭാഗം വിദ്യാര്‍ഥിനികളെയും രക്ഷാകർത്താക്കളെത്തി കൂട്ടിക്കൊണ്ടുപോയെങ്കിലും നാലു വിദ്യാര്‍ഥിനികളുടെ രക്ഷാകർത്താക്കള് എത്താത്തതിനാല്‍ ക്യാമ്പ് തുടരുന്നുണ്ട്.
കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി ഡിപ്പോ ഗാരേജിന് പിന്നിലായുള്ള ഭിത്തിയിടിഞ്ഞിറങ്ങി ഡിപ്പോക്കുള്ളിലേക്ക് സമീപ തോട്ടില്‍നിന്നും വെള്ളം കയറി. ആനക്കൂട് കടവിന് സമീപം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയുടെ ഭിത്തിയിടിഞ്ഞ് തോട്ടിലേക്ക് പതിച്ചു.
അമ്പതേക്കര്‍ ഗ്രാമത്തെയും സമീപത്തെ ആദിവാസി കോളനികളെയും കുളത്തൂപ്പുഴ ടൗണുമായി ബന്ധിപ്പിക്കുന്ന അമ്പതേക്കര്‍ പാലം ഞായറാഴ്ച രാത്രിയിലെ മലവെള്ളപ്പാച്ചിലില്‍ മുങ്ങിപ്പോയിരുന്നു. വലിയ മരങ്ങളും തടികളും ഒഴുകിയെത്തി ഇടിച്ചു പാലത്തിന്റെ കൈവരികള്‍ തകരുകയും തൂണുകള്‍ക്ക് ബലക്ഷയമുണ്ടാകുകയും ചെയ്തതിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഏഴരയോടെ ജലനിരപ്പ് താഴ്ന്ന് യാത്ര പുനരാരംഭിച്ചെങ്കിലും വൈകീട്ട് അഞ്ചാകുമ്പോഴേക്കും പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലം മുങ്ങിയതറിയാതെ ജോലിക്കു പോയി മടങ്ങിയെത്തിയ പ്രദേശവാസികളെ വടം കെട്ടിയും മറ്റും സുരക്ഷിതമായി മറുകര എത്തിച്ചു.
ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്ത് കരകവിഞ്ഞൊഴുകുന്ന പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

