ഇടപ്പാളയത്ത് ഉരുൾപൊട്ടി; വീടുകളിൽ വെള്ളം കയറി
text_fieldsപുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് ഉരുൾപൊട്ടി വൻ നാശനഷ്ടം. ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുകിപ്പോയി. നിരവധി വീടുകളിൽ വെള്ളം കയറി. ആളാപയമില്ല.
വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ ശക്തമായ മഴക്കിടെ ആറ് മണിയോടെയാണ് ആറുമുറിക്കട ലക്ഷം വീട് കോളനിയുടെ പിറകിലുള്ള നവശിവായം ഉൾപ്പെടെ ഭാഗത്ത് വനത്തിൽ മൂന്നിടത്തായി ഉരുൾപൊട്ടിയത്. തുടർന്ന് കനത്ത തോതിൽ വെള്ളവും ചെളിയും മണ്ണും കോളനിയിലെ മിക്കവീടുകളിലും കയറി. പല വീടുകളുടേയും ഭിത്തി തകർന്നു. നിർത്തിയിട്ടിരുന്ന ജീപ്പും ഓട്ടോറിക്ഷയും കാറും ഒലിച്ചു പോയി. സമീപത്തെ തോട്ടിൽ എത്തുന്നതിന് മുമ്പ് ഈ വാഹനങ്ങൾ ആളുകൾ കയർ ഉപയോഗിച്ചു കെട്ടിനിർത്തി.
സമീപത്തെ പഞ്ചായത്ത് റോഡിലൂടെ ഒഴുകിയ മലവെള്ളം റോഡിനും നാശം വരുത്തി. ഇടപ്പാളയം ആറു മുറി കോളനിയ്ക്ക് മുകളിൽ നിന്ന് വന്ന വെള്ളത്തിൽ നടക്കടവുങ്കൽ വീട്ടിൽ മോനച്ചന്‍റെ ജീപ്പാണ് ഒഴുകി കാനയിൽ വീണത്. ഇടപ്പാളയം മൂന്നു സെന്‍റ് കോളനിയ്ക്ക് മുകളിൽ നിന്ന് വന്ന വെള്ളത്തിൽ ഓട്ടോറിക്ഷ ഒഴുകിപ്പോയെങ്കിലും ആളുകൾ കയറിട്ട് കെട്ടി തടഞ്ഞു നിർത്തി.
ഇടപ്പാളയം ഫോറസ്റ്റ് ക്വാർട്ടേഴ്സിന് മുകൾ ഭാഗത്തെ വനത്തിൽനിന്ന് ശക്തമായി വെള്ളം ഒലിച്ചിറങ്ങി. ഇക്കരെ മലയിൽനിന്നുള്ള വെള്ളത്തിൽ റെയിൽവേ പാലത്തിന് സമീപം നിർത്തിയിട്ട കാർ ദൂരം ഒഴുകിപ്പോയി. മൂന്നാം ഡിവിഷൻ ഉൾപ്പെടെ പലയിടത്തും മഴയിൽ നാശം നേരിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

