കാലവര്‍ഷം; 44 ലക്ഷത്തിന്റെ നാശം
text_fieldsകനത്ത മഴയെതുടർന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുള്ളതിനാൽ വള്ളം കരയിലേക്ക് കയറ്റിവെക്കുന്ന തൊഴിലാളികൾ. കൊല്ലം വാടി കടപ്പുറത്തുനിന്നുള്ള കാഴ്ച
കൊല്ലം: ജില്ലയില്‍ കാലവര്‍ഷം ആരംഭിച്ചശേഷം 44,34,000 രൂപയുടെ നാശനഷ്ടം കണക്കാക്കിയതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 17 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 6,12,000 രൂപയുടെ നഷ്ടമുണ്ടായി. കൊല്ലം- അഞ്ച്, കരുനാഗപ്പള്ളി- രണ്ട്, കൊട്ടാരക്കര- അഞ്ച്, കുന്നത്തൂര്‍- ഒന്ന്, പുനലൂര്‍- രണ്ട്, പത്തനാപുരം- രണ്ട് എന്നിങ്ങനെയാണ് താലൂക്കുതലത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം.
ഇതുവരെ 102.66 ഹെക്ടര്‍ കൃഷിയിടങ്ങള്‍ കനത്ത മഴയെതുടര്‍ന്ന് നശിച്ചു. 159 കര്‍ഷകരില്‍നിന്നായി 18.61 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 19.61 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് പുളിമുക്കില് പാറവിളവീട്ടില്‍ അബ്ദുല്‍ സലാമിന്റെ വീടിന് മുകളിലേക്ക് മരം വീണനിലയില്‍
മെമു സർവിസ് റദ്ദാക്കി
ഇന്നലെ പുലർച്ചമുതൽ തുടങ്ങിയ ശക്തമായ മഴയിൽ കൊല്ലത്ത് റോഡ്, റെയിൽ ഗതാഗതമടക്കം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടൽക്ഷോഭം ശക്തമായതിനെതുടർന്ന് വള്ളങ്ങൾ ഇറക്കിയില്ല.
പുനലൂർ-കൊല്ലം റെയിൽപാതയിൽ കൊല്ലം കിളികൊല്ലൂരിൽ ചൊവ്വാഴ്ച പുലർച്ച പാളത്തിലേക്ക് മരം വീണതിനെതുടർന്നാണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടത്. രാവിലെ സർവിസ് നടത്തുന്ന കൊല്ലം- പുനലൂർ, പുനലൂർ- കൊല്ലം മെമു സർവിസ് റദ്ദാക്കി. വിവിധയിടങ്ങളിൽ വീടുകൾ മരം വീണ് ഭാഗികമായി തകർന്നു.
പാലരുവി എക്സ്പ്രസ് പിടിച്ചിട്ടു
കുണ്ടറ: കാറ്റിലും മഴയിലും റെയിൽവേ ട്രാക്കിന് സമീപം നിന്ന പാലമരം കടപുഴകി റെയില്‍വേ വൈദ്യുതി ലൈനിലേക്ക് വീണു. കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെയായിരുന്നു മരം വീണത്. ഗതാഗതം തടസ്സപ്പെട്ടതോടെ പാലരുവി എക്സ്പ്രസ് പുനലൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
തേക്കുമരം വീണ് മേൽക്കൂര തകർന്ന പേരയം കോട്ടയ്ക്കകം സണ്ണിയുടെ വീട്
ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
പുനലൂർ: കിഴക്കൻ മേഖലയിൽ ശക്തമായി തുടരുന്ന മഴയിൽ മരം ദേശീയപാതയിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 ഓടെ കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ ഇടമൺ സബ് സ്റ്റേഷന് സമീപമായിരുന്നു മരം വീണത്. സബ് സ്റ്റേഷന്റെ ചുറ്റുമതിലിനോട് ചേർന്നുള്ള മണതിട്ടയിൽനിന്ന് പ്ലാവ് പാതയിലേക്ക് കടപുഴകുകയായിരുന്നു. വൈദ്യുതി ലൈനുകളുടെ മുകളിലൂടെയാണ് മരം വീണത്. ഇതുകാരണം പാതയിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. പലയിടങ്ങളിലും വൈദ്യുതിയും മുടങ്ങി. പുനലൂർ അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മരം വീണ് വീടിന്റെ മേൽക്കൂര തകര്‍ന്നു
കുണ്ടറ: തേക്കുമരം കടപുഴകി വീടിന്റെ മേൽക്കൂര തകര്‍ന്നു. കാഞ്ഞിരോട് കോട്ടക്കകം സങ്കീര്ത്തനാലയത്തില് സണ്ണിയുടെ വീടിന്റെ മേൽക്കൂരയാണ് തകര്‍ന്നത്. കഴിഞ്ഞദിവസം ഉച്ചക്ക് 1.30ന് സമീപത്തെ പുരയിടത്തില്‍നിന്ന തെക്കുമരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. സണ്ണി, ഭാര്യ റീന, മകള്‍, റീനയുടെ മാതാപിതാക്കള്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടും ഷീറ്റും മേഞ്ഞ മേൽക്കൂര തകര്‍ന്നു.
വീടിന്റെ ഒരുഭാഗം തകർന്നു
കൊട്ടിയം: തോരാതെ പെയ്ത മഴയിൽ വീടിന്റെ ഒരുഭാഗം തകർന്നു വീണു. കൊട്ടിയം തഴുത്തല കാവുവിള കാഷ്യു ഫാക്ടറിക്ക് സമീപം പൂജ ഭവനിൽ ലേഖ ആർ. ബൈജുവിന്റെ വീടിനാണ് തകർച്ച നേരിട്ടത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. തകർന്നുവീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി.
വീടിന് മുകളിൽ മരം വീണ് വീട്ടമ്മക്ക് പരിക്ക്
കടയ്ക്കൽ: കനത്ത മഴയിൽ മരം വീണ് വീട് തകർന്നു. വീട്ടമ്മയ്ക്ക് പരിക്കേറ്റു. ആൽത്തറമൂട് മങ്ങാട്ട് പുത്തൻവീട്ടിൽ ഇന്ദിര അമ്മ (67) യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. മരം ഓടുമേഞ്ഞ വീടിന് മുകളിൽ കൂടി കടപുഴകുകയായിരുന്നു. ഇന്ദിര അമ്മയെ അയൽവാസികൾ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടാത്തലയിൽ വീട് തകർന്നു
കൊട്ടാരക്കര: കനത്തമഴയിൽ കോട്ടാത്തലയിൽ വീട് തകർന്നു. കോട്ടാത്തല പാട്ടത്തിൽ ഭാഗം പാലമൂട്ടിൽ വീട്ടിൽ ഗോവിന്ദന്റെ വീടാണ് തകർന്നത്. വീട്ടിനുള്ളിൽ ആളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

