കാലവര്‍ഷം; വ്യാപക കൃഷിനാശം, വീടുകള്‍ തകര്‍ന്നു, വൈദ്യുതി തടസ്സപ്പെട്ടു
text_fieldsകുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോക്ക് സമീപം ബിനുവിന്റെ വീട് മരം വീണ് തകര്‍ന്ന നിലയില്‍
കൊല്ലം: ഓറഞ്ച് അലർട്ടിന്റെ ജാഗ്രതനിർദേശത്തിനെ ശരിവെച്ച് പെയ്തിറങ്ങിയ മഴയിൽ മുങ്ങി നാട്. ഇടവിട്ട് പെയ്ത കനത്ത മഴയിൽ ജില്ലയിലുടനീളം പരക്കെ വെള്ളക്കെട്ടും നാശനഷ്ടവും. മഴക്കൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റും വില്ലനാകുന്നു. പത്തനാപുരത്ത് വീടിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വില്ലുമല, അമ്പതേക്കര്‍, ചെമ്പനഴികം, കല്ലുവെട്ടാംകുഴി, ചെറുകരപ്രദേശങ്ങളില് കാറ്റിലും മഴയിലും നിരവധിപേരുടെ കാര്‍ഷികവിളകൾ നശിച്ചു.
ജില്ലയിൽ ഒരു വീട് പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു. 7.2 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ആകെ കണക്കാക്കുന്നത്. നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. കിഴക്കൻമേഖലയിൽ ഉൾപ്പെടെ വ്യാപക കൃഷിനാശമുണ്ടായി. ഓറഞ്ച് അലർട്ട് സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് കലക്ടർ എൻ. ദേവിദാസ് അറിയിച്ചു.
ശൂരനാട് വീടിന് മുകളിൽ മരം വീണു
ശാസ്താംകോട്ട: ശക്തമായ കാറ്റിലും മഴയിലും ശൂരനാട് വടക്ക് തെക്കേമുറി മൂലപ്പാട് സുമാംഗിയുടെ വീടിനുമുകളിൽ മരം വീണു. ഏകദേശം 40,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കമ്പലടി, മുണ്ടക്കൻ പടിഞ്ഞാറ്റതിൽ ബീജയുടെ വീടിന്റെ മുകളിലേക്ക് മരം പിഴുതുവീണ് മേൽക്കൂര ഭാഗികമായി തകർന്നു. പോരുവഴി അമ്പലത്തുംഭാഗം അനിമന്ദിരത്തിൽ അനിയുടെ കോൺക്രീറ്റ് വീടിനുമുകളിലുള്ള ഷീറ്റും മരം പിഴുതുവീണ് ഭാഗികമായി തകർന്നു.
മുൻകരുതലെടുക്കാം
പരമാവധി വീടിനുള്ളിൽതന്നെ കഴിയണം. പ്രളയ-മണ്ണിടിച്ചിൽ സാധ്യതാമേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളിൽ ഇറങ്ങരുത്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. മലയോരമേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. ചാലുകൾ /ചപ്പാത്ത് എന്നിവയുടെ മുകളിലൂടെ ശക്തമായ നീരൊഴുക്കിലൂടെ മുറിച്ചുകടക്കാൻ പാടില്ല.
ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലയിലെ ജനങ്ങൾ അതിജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറിത്താമസിക്കണം. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം.
കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ജില്ലയിലെ ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണം. അടിയന്തര സഹായത്തിന് 1077 ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും കലക്ടർ അറിയിച്ചു.
മലയോരമേഖലയില്‍ വ്യാപക കൃഷിനാശം
കുളത്തൂപ്പുഴ: കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും കിഴക്കന്‍ മലയോരമേഖലയില്‍ കനത്ത കൃഷിനാശം. മരങ്ങൾ കടപുഴകിയും മറ്റും നിരവധി വീടുകള്‍ക്ക് നാശം നേരിട്ടു. കുളത്തൂപ്പുഴ മേഖലയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഓന്തുപച്ച സ്വദേശി ഷിബിയുടെ ചീനിക്കാലയിലുള്ള വീട്ടിൽ മരം വീണ് മേല്‍ക്കൂര ഒന്നാകെ നിലം പൊത്തി. കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോക്ക് സമീപം വിനിതവിലാസം വീട്ടില്‍ ബിനുവിന്റെ വീട് മരം വീണ് പൂര്‍ണമായി തകര്‍ന്നു. സംഭവസമയം വീട്ടിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. വീട്ടുസാധനങ്ങളും ഉപകരണങ്ങളും നശിച്ചതായി വീട്ടുടമ പറഞ്ഞു. പ്രദേശത്ത് നിരവധി വീടുകൾ ഭാഗികമായി നശിച്ചു.
അമ്പതേക്കര്‍ രജനിവിലാസം വീട്ടില്‍ ശോഭന, മുന്‍ ഗ്രാമപഞ്ചായത്തംഗം കരിക്കത്തില്‍ വീട്ടില്‍ ടി. ബാബു, പേരാന്‍കോവില്‍ വനത്തിറമ്പില്‍ ചന്ദ്രിക, റിട്ട. എസ്.ഐ വിജയന് ചെറുകര ഇടത്തറ കോളനിയില്‍ പാട്ടത്തിന് ചെയ്തിരുന്ന കൃഷി എന്നിവ കാറ്റില്‍ നശിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഓണവിപണി പ്രതീക്ഷിച്ച് ചെയ്ത കൃഷി ഒന്നാകെ നശിച്ചതോടെ കടം വാങ്ങിയും പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷകാലത്തും വേനല്‍മഴയിലും കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇനിയും സര്‍ക്കാർ ധനസഹായം ലഭിച്ചിട്ടില്ലെന്നും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളികളായവർക്കുപോലും സമാനമായ അവസ്ഥയുള്ളത് പ്രതീക്ഷകളെ കെടുത്തുന്നതായി കര്‍ഷകര്‍ പരിതപിക്കുന്നു.
ശനിയാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റില്‍ നിരവധി വൈദ്യുതി തൂണുകളും ലൈനുകളും മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ വീണും തകര്‍ന്നതായും അമ്പലക്കടവ്, തിങ്കള്‍ക്കരിക്കം, സാംനഗര്‍, ചെറുകര, കടമാന്‍കോട് എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ശ്രമങ്ങള്‍ തുടരുന്നതായും വൈദ്യുതി സെക്ഷന്‍ ഓഫിസ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

