ആരോഗ്യവകുപ്പ് സ്ഥലംമാറ്റത്തിനെതിരെ ജില്ല പഞ്ചായത്ത് അംഗങ്ങൾ
text_fieldsജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ അരുൺ ബാബുവിന്റെ നേതൃത്വത്തിൽ ഡി.എം.ഒ എ.എൽ. ഷീജക്ക് മുന്നിൽ പ്രതിഷേധിക്കുന്നു
കൊല്ലം: ജില്ലയിലെ പ്രധാന ആശുപത്രികളുടെ ഉൾപ്പെടെ പ്രവർത്തനം താളംതെറ്റിക്കുന്ന സാഹചര്യത്തിൽ എത്തിച്ച ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റങ്ങൾ മാനദണ്ഡവിരുദ്ധമാണെന്ന് ആരോപിച്ച് ജില്ല പഞ്ചായത്തിലെ സി.പി.എം അംഗങ്ങൾ ഡി.എം.ഒക്ക് മുന്നിൽ പ്രതിഷേധമുയർത്തി.
കഴിഞ്ഞ മൂന്നു മാസങ്ങളായി ഡി.എം.ഒ ജില്ലയിൽ നടത്തിയ സ്ഥലംമാറ്റങ്ങൾക്ക് എതിരെ ജനപ്രതിനിധികൾ പരാതിയും നൽകി. വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബുവിന്റെ നേതൃത്വത്തിലാണ് സി.പി.എം അംഗങ്ങൾ ഡി.എം.ഒ ഡോ.എ.എൽ. ഷീജക്ക് മുന്നിൽ അസംതൃപ്തി അറിയിച്ച് പരാതികൾ ഉന്നയിച്ചത്. ജില്ല ആസ്ഥാനത്ത് പ്രവത്തിച്ചുവന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ജോലിസ്ഥലത്ത് പോലും പോകരുത് എന്ന ചിന്തയിൽ ആര്യങ്കാവിലേക്കും അച്ചൻകോവിലിലേക്കും തെന്മലയിലേക്കും കുളത്തൂപ്പുഴയിലേക്കും വരെ മാറ്റുന്ന നടപടിയാണ് ഉണ്ടായത്. ഇത്രത്തോളം ക്രമവിരുദ്ധമായി രാഷ്ട്രീയ താൽപര്യം വെച്ചുള്ള സ്ഥലംമാറ്റങ്ങൾ ഡി.എം.ഒ ഓഫിസിൽ മാത്രമാണ് ഉണ്ടായതെന്നും അവർ ആരോപിച്ചു.
പാവപ്പെട്ട ജീവനക്കാരുടെ അപേക്ഷകൾ അല്ല പരിഗണിച്ചത്, ഡി.സി.സി ഓഫിസിന്റെ ആവശ്യമാണ് പരിഗണിച്ചത്. ഹൃദ്രോഗികളും കാൻസർ രോഗികളും ആയിട്ടുള്ളവരെ പോലും മാനദണ്ഡവിരുദ്ധമായി കിലോമീറ്ററുകൾ അകലേക്ക് മാറ്റിയത് എന്തടിസ്ഥാനത്തിലാണെന്നും ജനപ്രതിനിധികൾ ചോദ്യമുയർത്തി. അപേക്ഷകളുടെ അടിസ്ഥാനത്തിൽ ആണ് മാറ്റിയതെന്ന് ഡി.എം.ഒ പറഞ്ഞു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും മാനദണ്ഡവിരുദ്ധമായി ആണ് ഭൂരിഭാഗം മാറ്റങ്ങളും ഉണ്ടായതെന്നും അത്തരം മാറ്റങ്ങൾ പിൻവലിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രതിനിധികൾ ആവശ്യമുയർത്തി. ഡി.എം.ഒ രാഷ്ട്രീയതാൽപര്യത്തോടെ നീങ്ങിയാൽ തങ്ങളും അതേരീതി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പരാതി സ്വീകരിച്ച ഡി.എം.ഒ, ക്രമവിരുദ്ധമായി മാറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കാമെന്ന് എഴുതിനൽകിയതോടെയാണ് ജനപ്രതിനിധികൾ മടങ്ങിയത്. സ്ഥിരംസമിതി അധ്യക്ഷരായ സെൽവി, ടി. അജയൻ ഉൾപ്പെടെ സി.പി.എം പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

