നഗരത്തിൽ വിവാഹങ്ങൾക്കും ചടങ്ങുകൾക്കും ഹരിതചട്ടം നിർബന്ധം
text_fieldsകൊല്ലം: നഗരപരിധിയിൽ മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിന് കർശന നടപടി സ്വീകരിക്കാനൊരുങ്ങി കോർപറേഷൻ. വിവാഹങ്ങൾക്കും ചടങ്ങുകൾക്കും ഹരിതചട്ടം നിർബന്ധമാക്കും. ഒക്ടോബർ മുതൽ ലൈസൻസില്ലാത്ത കാറ്ററിങ് സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.
‘അഴകാർന്ന കൊല്ലം’ പദ്ധതിയുടെ നഗരമാലിന്യ സംസ്കരണ വിഷയത്തിൽ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ. ലൈസൻസുള്ള കാറ്ററിങ് സ്ഥാപനങ്ങൾ മാലിന്യം എങ്ങനെ സംസ്കരിക്കുമെന്ന് അന്വേഷിക്കും. കോർപറേഷൻ ഓഫിസുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഹരിതചട്ടം പാലിക്കുന്നെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
ഹരിത കർമ സേനയുടെ മെച്ചപ്പെട്ട പ്രവർത്തനം, ക്യു.ആർ കോഡ് സംവിധാനം തുടങ്ങി മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്ന ഡിവിഷനുകൾക്കു മാത്രമേ മെയിന്റനൻസ് ഗ്രാൻറ് അനുവദിക്കൂ. ഹരിത കർമസേനക്ക് മാലിന്യം കൊണ്ടുപോകാനായി 10 വാഹനങ്ങൾ ലഭ്യമായിട്ടുണ്ട്. ഡ്രൈവിങ് പരിശീലനവും നൽകി. ആവശ്യമെങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാം.
ഹരിത കർമസേനക്കുള്ള യൂസർ ഫീ നൽകുന്നതിൽനിന്ന് അതിദരിദ്രരെ ഒഴിവാക്കും. മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഇതിന് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരടക്കം യൂനിഫോം ധരിക്കേണ്ട ജീവനക്കാർ ഒക്ടോബർ ഒന്നു മുതൽ യൂനിഫോമിൽവേണം ജോലിക്കെത്താൻ.
ഇക്കാര്യം ഉറപ്പാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിവിഷൻതല സാനിറ്റേഷൻ കമ്മിറ്റികൾ ഇൗ മാസം 25 നകം ചേരണം. കേരളപ്പിറവി ദിനത്തിൽ അഴകാർന്ന കൊല്ലം പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മേയർ പറഞ്ഞു.
‘അഴകാർന്ന കൊല്ലം’: നടപ്പാക്കുന്ന പദ്ധതികൾ
കൊല്ലം: നഗരശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്തുന്ന സിറ്റി മാനേജർ നിർമാണ ഉദ്യോഗസ്ഥനായിട്ടുള്ള പ്രധാന പ്രോജക്ടുകളും അനുവദിച്ച തുകയും:
- മൊബൈൽ ട്രീറ്റ്മെന്റ് മെഷീൻ യൂനിറ്റ്: 35,00,000
- ബയോകംപോസ്റ്റർ ബിൻ: 39,59,856
- ശുചികരണ തൊഴിലാളികൾക്ക് ഫൊഗിങ് മെഷീൻ വാങ്ങൽ: 20,00,000
- കമ്പോസ്റ്റ് പിറ്റ് നിർമാണം: 55,00,000
- അഷ്ടമുടി കായൽ തീരത്തും മറ്റു തീരപ്രദേശങ്ങളിലും ശുചിമുറിയും സെപ്റ്റിക് ടാങ്ക് നിർമാണവും: 50,00,000
- ഗാർഹിക ബയോഗ്യാസ് പ്ലാന്റ്: 14,00,00,00
- റിങ് കമ്പോസ്റ്റ് വിതരണം: 66,84,590
- സെപ്റ്റിക് ടാങ്ക് ബയോഡൈജസ്റ്റർ സ്ഥാപിക്കൽ: 50,00,000
- വ്യക്തിഗത ഗാർഹീക ശൗചാലയം: 84,70,000
- ഉറവിട മാലിന്യസംസ്കരണത്തിന് ബയോകമ്പോസ്റ്റർ വിതരണം: 15,18,80,40
- വ്യക്തിഗത ശൗചാലയ നിർമാണം: 23,10,000
- ഹരിതകർമസേനക്ക് വാഹനം വാങ്ങൽ: 50,00,000
- സ്ത്രീകൾക്ക് നാപ്കിൻ വൈൻഡിങ് മെഷീൻ ഡബിൾചേംബർ: 50,00,000
- എയ്റോബിക് കമ്പോസ്റ്റ് എംസിഎഫ് നവീകരണം: 10,00,000
- സെപ്റ്റ് ക്ലീനിങ് ടാങ്കർ വാങ്ങൽ: 70,00,000
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

