ഗ്രീൻഫീൽഡ് റോഡ് നിർമാണം മേയിൽ
text_fieldsകൊല്ലം: ദേശീയാത 744 കടമ്പാട്ടുകോണം മുതല്‍ ആര്യങ്കാവ് വരെ ഗ്രീന്‍ഫീല്‍ഡ് റോഡിന്റെ നിർമാണം മേയിൽ ആരംഭിക്കും. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷം എന്‍.കെ. പ്രേമചന്ദ്രന് എം.പിയാണ് വിവരം അറിയിച്ചത്.
ദേശീയപാത 744നായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുന്ന മുറക്ക് നിർമാണം ആരംഭിക്കാന്‍ കഴിയുന്ന വിധം ടെൻഡര്‍ നടപടികള്‍ നടന്നുവരുന്നു. ഭൂമിയേറ്റെടുക്കലും പ്രവൃത്തി കരാര്‍ നല്‍കുന്നതിനുള്ള ഭരണനടപടികളും സമാന്തരമായി നടക്കുകയാണ്.
ദേശീയപാത 744ന്റെ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കാനാണ് നടപടി. 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും സംബന്ധിച്ച കേന്ദ്രനിയമ പ്രകാരമാണ് നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നഷ്ടപരിഹാരം നല്‍കുന്നതെന്നും അതിനു വിരുദ്ധമായ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എം.പി അറിയിച്ചു.
നിലവിലെ വ്യവസ്ഥയനുസരിച്ച് നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിയും പണം നല്കുന്ന തീയതിവരെയുള്ള പലിശയും ഉള്‍പ്പെടെയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്.
പഴയ കെട്ടിടങ്ങള്‍ക്കുപോലും വില നിശ്ചയിക്കുന്നത് പുതുതായി നിർമിക്കുന്നതിനുള്ള നിർമാണച്ചെലവിന്റെ അടിസ്ഥാനത്തിലാണ്. ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഭൂവുടമകള്‍ക്ക് ഗുണപ്രദമായിട്ടുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആരാധനാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ജനനിബിഡമായ പ്രദേശങ്ങള്‍, വാസഗൃഹങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കിയാണ് ഗ്രീന്‍ഫീല്‍ഡ് റോഡിന് അലൈന്മെന്റ് നിശ്ചയിക്കുന്നത്. നിലവില്‍ നിശ്ചയിച്ചിട്ടുള്ള അലൈന്മെന്റ് സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതികളില്‍ പരിഹരിക്കാന്‍ കഴിയുന്നവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്‍.എച്ച് 744 ലെ ആനപ്പുഴയ്ക്കല്‍ മുസ്ലിം ജമാ-അത്ത്, തുമ്പോട് അരീയ്ക്കല്‍ ശ്രീശിവപാര്‍വതി കാവ്, ഉറുകുന്ന് ഹോളിക്രോസ് ലത്തീന്‍ കത്തോലിക് ചര്‍ച്ച്, ഏരൂര്‍ മുസ്ലിം ജമാ-അത്ത്, പത്തടി മുസ്ലിം ജമാ-അത്ത്, കപ്ലിങ്ങാട് ദേവീ ക്ഷേത്രം, വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ നല്കിയ പരാതികളും നിവേദനങ്ങളും സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ സ്ഥലത്തും സ്വീകരിക്കാന്‍ കഴിയുന്ന പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ധാരണയായി. ദേശീയപാത അതോറിറ്റിയുടെ മാര്‍ഗ നിർദേശങ്ങള്‍ പാലിച്ച് ഓരോ പരാതിയും പ്രത്യേകമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
ദേശീയപാത 66ല്‍ ചവറ പാലത്തിന് അടിയില്‍ കൂടിയുള്ള നിലവിലെ ഗതാഗത സൗകര്യത്തിനു തടസ്സം വരാത്തവണ്ണവും പ്രസ്തുത ഭാഗത്തു കൂടിയുള്ള ഗതാഗത സൗകര്യം നിലനിര്‍ത്തിയും മാത്രം പുതിയ പാലവും അനുബന്ധ സൗകര്യങ്ങളും നിർമിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
ചവറ കൊറ്റന്‍കുളങ്ങര പ്രദേശത്തെ ജനങ്ങളുടെയും വ്യാപാരിവ്യവസായി സംഘടനകളുടെയും ജനപ്രതിനിധികളുടെയും പരാതി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിനിലാണ് ധാരണയായത്. കുറ്റിവട്ടം, മങ്ങാട്, കുരീപ്പുഴ, ശങ്കരമംഗലം, പാല്‍ക്കുളങ്ങര തുടങ്ങി സ്ഥലങ്ങളില്‍ അടിപ്പാത നിർമിക്കണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്തു. മേല്പറഞ്ഞ സ്ഥലങ്ങളില്‍ അടിപ്പാത നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന എം.പിയുടെ ആവശ്യം ദേശീയപാത അതോറിറ്റിക്ക് ശിപാര്‍ശ ചെയ്യാമെന്നും ധാരണയായി.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പാല്‍ക്കുളങ്ങര ഭാഗത്ത് മാലിന്യം തള്ളുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശനമായ നിർദേശം നല്കാന് ധാരണയായി. ദേശീയപാത 744ന്റെയും 66 ന്റെയും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

