അഷ്ടമുടിക്കായൽ സംരക്ഷണം; ശക്തമായ നടപടികൾക്ക് സർക്കാർ
text_fieldsകൊല്ലം: അഷ്ടമുടി കായൽ സംരക്ഷണം സംബന്ധിച്ച ഹൈകോടതി നിർദേശപ്രകാശം ഹരജി കക്ഷികളെയും ഉൾപ്പെടുത്തി വിവിധ സർക്കാർവകുപ്പുകളുടെ സംയുക്ത യോഗം നടത്തി. തദ്ദേശ സ്വയംഭരണവകുപ്പ് സ്പെഷൽ സെക്രട്ടറി അനുപമ ടി.വി വിളിച്ചുചേർത്ത യോഗത്തിൽ കലക്ടർ എൻ. ദേവീദാസ്, മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി എം. ഷീല, തദ്ദേശ സ്വയംഭരണവകുപ്പ് ജോയന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ്, കൊല്ലം കോർപറേഷൻ സെക്രട്ടറി ഡി. സാജു, പരിസ്ഥിതിവകുപ്പ് അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാർ, ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ കെ.അനിൽകുമാർ എന്നിവരും ഹരജികക്ഷികളായ അഡ്വ. ബോറിസ് പോൾ, ഹെൽപ് ഫൗണ്ടേഷൻ സി.ഇ.ഒ പീറ്റർ പ്രദീപ് എന്നിവർ പങ്കെടുത്തു.
അഷ്ടമുടി വെറ്റ്ലാൻഡ് അതോറിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ കോടതി മുമ്പാകെ എടുത്ത നിലപാട് തിരുത്തണമെന്ന് ഹരജികക്ഷികളായ അഡ്വ. ബോറിസ് പോളും പീറ്റർ പ്രദീപും പറഞ്ഞു. സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി ഉള്ളതിനാൽ വേറെ അതോറിറ്റി ആവശ്യമില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, അഷ്ടമുടി വെറ്റ്ലാൻഡ് അതോറിറ്റി വ്യത്യസ്ത ലക്ഷ്യങ്ങളോടെ രൂപവത്കരിക്കേണ്ട ഒന്നാണെന്ന് ഹരജികക്ഷികൾ ചൂണ്ടിക്കാട്ടി. 2023ൽ പരിസ്ഥിതിക്കുള്ള നിയമസഭസമിതി സമർപ്പിച്ച എട്ടാം റിപ്പോർട്ടിൽ അഷ്ടമുടി വെറ്റ്ലാൻഡ് അതോറിറ്റി രൂപവത്കരിക്കേണ്ട ആവശ്യം വ്യക്തമാക്കിയത് അഡ്വ. ബോറിസ് പോൾ അവതരിപ്പിച്ചു.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ലക്ഷ്യമിടുന്ന അഷ്ടമുടി വെറ്റ്ലാൻഡ് അതോറിറ്റിക്ക് സർക്കാർ ചൂണ്ടിക്കാണിക്കുന്ന സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റിയുമായി ബന്ധമില്ല. വിഷയത്തിൽ സർക്കാർ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടു. കലക്ടറുടെ മേൽനോട്ടം അപര്യാപ്തമാണെന്നും ഈ സാഹചര്യത്തിൽ അഷ്ടമുടി വെറ്റ്ലാൻഡ് അതോറിറ്റി അത്യാവശ്യമാണെന്നും ഹരജികക്ഷികൾ പറഞ്ഞു. അഷ്ടമുടിയിൽ ഏകദേശം 80 ശതമാനം കൈയേറ്റങ്ങൾ ഒഴിപ്പിച്ചതായി കലക്ടർ അറിയിച്ചു. ആശുപത്രികൾ, വീടുകൾ, സ്ളാട്ടർ ഹൗസ് എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യം കായലിൽ എത്താതിരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും പറഞ്ഞു.
അഷ്ടമുടി വെറ്റ്ലാൻഡ് അതോറിറ്റി രൂപവത്കരിക്കുന്ന വിഷയം പരിഗണനക്കായി പരിസ്ഥിതി വകുപ്പിന് അയക്കാൻ യോഗം തീരുമാനിച്ചു. പരിസ്ഥിതിവകുപ്പ് ഹൈകോടതിയിലെ കേസിൽ കക്ഷിചേർന്ന് റിപ്പോർട്ട് തയാറാക്കി കോടതിയിൽ ഹാജരാക്കണം. കായൽ കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളിൽ കായൽ പുനഃസ്ഥാപിക്കുന്നതിനും അതിർത്തി സംരക്ഷിക്കുന്നതിനുമുള്ള സാങ്കേതിക പരിജ്ഞാനം കൊല്ലം കോർപറേഷന് ഇല്ലാത്തതിനാൽ അക്കാര്യത്തിൽ സഹായം ലഭ്യമാക്കാൻ ബയോ ഡൈവേഴ്സിറ്റി ബോർഡ്, സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി എന്നീ സ്ഥാപനങ്ങളെ സമീപിക്കാൻ തീരുമാനിച്ചു.
ഒഴിപ്പിച്ച കൈയേറ്റസ്ഥലങ്ങളിൽ കണ്ടൽകാടുകൾ കൊണ്ട് അതിർത്തിയുണ്ടാക്കാൻ തൊഴിലുറപ്പുതൊഴിലാളികളുടെ സഹായം തേടും. ഇക്കാര്യങ്ങൾക്ക് കലക്ടറെ ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കായൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾക്കെതിരെ ഉണ്ടായ സ്റ്റേ ഉത്തരവുകൾ നീക്കാൻ നടപടി സ്വീകരിക്കാൻ കൊല്ലം സബ് കലക്ടറെയും തദ്ദേശ സ്വയംഭരണവകുപ്പ് ജോയന്റ് ഡയറക്ടറേയും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

