പാഠപുസ്തകങ്ങൾക്ക് വിട, ഇനി ഉല്ലാസകാലം
text_fieldsലഹരിക്കും വിഷാദത്തിനും എതിരെ ജാഗ്രത വേണം
കുട്ടികളെ വിഷാദവും ലഹരിയും കീഴടക്കാതെ ശ്രദ്ധിക്കാൻ മാതാപിതാക്കൾ പ്രത്യേകം കരുതലെടുക്കണം. വീടുകളിൽ അടച്ചിരിക്കാതെ കളിക്കളങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പറഞ്ഞയക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുമായി കൂടുതൽ സമയം അടുത്തിടപഴകാനും യാത്രകൾ ചെയ്യാനും മാതാപിതാക്കൾ സമയം കണ്ടെത്തണം.
കുട്ടികളുടെ അടുത്ത സുഹൃത്തുക്കൾ ആരെന്നും അവരിൽനിന്ന് കുട്ടികളിലുണ്ടാകുന്ന മാറ്റവും ശ്രദ്ധിക്കണം. കുട്ടികളോട് പ്രായവ്യത്യാസമുള്ളവരിൽനിന്നുള്ള പെരുമാറ്റം ശ്രദ്ധിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. ലഹരിയെന്ന വില്ലനിൽനിന്ന് കുട്ടികളെ അകറ്റിനിർത്തണം.
ലഹരിയെ കുറിച്ചും അവയുടെ ദൂഷ്യവശങ്ങളെ കുറിച്ചുമുള്ള ബോധവത്കരണം വീടുകളിൽനിന്ന് ആരംഭിക്കാം. അവധിക്കാലത്തെ കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 18 തികയാത്ത ഒരു കുട്ടിയും തനിയെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വ്യക്തമായ സമയ മാനദണ്ഡത്തോടെ കമ്പ്യൂട്ടർ ഗെയിമോ കാർട്ടൂണുകളോ മറ്റ് താൽപര്യമുള്ള ആപ്ലിക്കേഷനുകളോ ഉപയോഗിക്കാം.
ശ്രദ്ധയോടെ വിനിയോഗിക്കാം
കൊല്ലം: വീണ്ടുമൊരു വേനലവധിക്കാലം എത്തി. ഒരു അധ്യയനവർഷം വിജയകരമായി പൂർത്തിയാക്കി സ്കൂളുകൾ അടക്കുമ്പോൾ മധ്യവേനലവധി എങ്ങനെ വിനിയോഗിക്കാമെന്ന ചിന്തയിലാണ് കുട്ടികളും രക്ഷിതാക്കളും. വിനോദങ്ങളും അവധിക്കാല ക്ലാസുകളും ഓൺലൈൻ വിനോദങ്ങളും തുടങ്ങി വേറിട്ടതൊക്കെ വേണ്ടുവോളമുണ്ടെങ്കിലും എല്ലാം ശ്രദ്ധയോടെ വേണമെന്നാണ് ഇൗ രംഗത്തുള്ളവർ പറയുന്നത്.
പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിടപറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടി.വിക്കും പിന്നാലെ പോകും. എന്നാൽ, പത്തുമാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണുകിട്ടുന്ന രണ്ടുമാസത്തെ അവധി വെറുതെ കളയാനുള്ളതല്ല.
അത് ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. മാതാപിതാക്കൾ ജോലിക്കാരാണെങ്കിൽ കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു. കായിക വിനോദങ്ങളും പഠനകളരികളുമായി ജില്ലയിലെ ലൈബ്രറികളും വിവിധ സംഘടനകളും സജീവമായി. ഏപ്രിൽ ആദ്യവാരം ക്യാമ്പുകൾ തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം.
അഭിരുചിക്കനുസൃതമായി കായികം, കല, സാഹിത്യം, വ്യക്തിത്വ വികസനം എന്നിങ്ങനെ കുട്ടികളുടെ കാര്യശേഷി വികസനത്തിന് ഉതകുന്ന സർവതലസ്പർശിയായ ക്യാമ്പുകളിലൂടെ അവധിക്കാലം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് വിവിധ സ്ഥാപനങ്ങളും സംഘടനകളും. അവധിക്കാലത്തെ അപകടമുക്തമാക്കുന്നതിന് കുട്ടികളും രക്ഷാകർത്താക്കളും നാട്ടുകാരും ഒരുപോലെ ശ്രദ്ധിക്കണം.
കുട്ടികൾ കൂട്ടംകൂടിയും മറ്റും പുഴയിലും കുളങ്ങളിലും ഇറങ്ങി അപകടത്തിൽപെടുന്നത് പതിവാണ്. അപകടകരമായ ഭാഗങ്ങളിൽ കുളിക്കുന്നതിൽനിന്ന് കുട്ടികളെ വിലക്കണം. വേനലവധിയുടെ ആഘോഷങ്ങളാണ് പലപ്പോഴും അപകടത്തിലേക്ക് വഴിതെളിക്കുന്നത്. പുഴകളിലും ജലാശയങ്ങളിലും പതിയിരിക്കുന്ന ചതിക്കുഴികള്‍ അറിയാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്തു ചാടുന്നത്.
ജില്ലയിലെ പ്രധാന അവധിക്കാല ക്യാമ്പുകൾ
- ജില്ല പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രഗത്ഭരായ അധ്യാപകരെ കോർത്തിണക്കി അവധിക്കാല ക്യാമ്പിന് തിങ്കളാഴ്ച തുടക്കമാകും. സംഗീതം, ഡാൻസ്, ചിത്രരചന, കീബോർഡ്, ഗിറ്റാർ, വയലിൻ,യോഗ, കമ്പ്യൂട്ടർ കോഡിങ് എന്നിവയിലാണ് പരിശീലനം. അഞ്ചു മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. 1500 രൂപയാണ് രണ്ടുമാസത്തെ കേഴ്സിന് ഈടാക്കുന്നത്. ഒരാൾക്ക് രണ്ട് കോഴ്സുകളിലേക്ക് അഡ്മിഷൻ എടിക്കാം. വിവരങ്ങൾക്ക്: 0474 - 2748487.
- കൊല്ലം ജവഹർ ബാലഭവനിലെ അവധിക്കാല ക്ലാസുകൾക്ക് ആറു മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ശാസ്ത്രീയസംഗീതം, ലളിത സംഗീതം, വയലിൻ, മൃദംഗം, തബല, നൃത്തം, വീണ, ഗിറ്റാർ, കീബോർഡ്, യോഗാസനം, ചിത്രരചന, ക്രാഫ്റ്റ്, എംബ്രോയ്ഡറി, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. 2000 രൂപയാണ് രണ്ടു വിഷയങ്ങൾക്കായി ഫീസ്. ഉച്ചവരെയാണ് ക്ലാസ്. ഫോൺ: 0474-2760646, 2744365.
- ഒളിമ്പിക് ഫുട്ബാൾ അക്കാദമി സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് ശനിയാഴ്ച മുതൽ ലാൽ ബഹദൂർ സ്റ്റേഡിയത്തിനു സമീപത്തെ മൈതാനത്ത് നടക്കും. ആറ് മുതൽ 18വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 8086266280.
- ജില്ല ആർച്ചെറി അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പരിശീലനം നൽകും. ചവറ, പുത്തൂർ, പൂയപ്പള്ളി, കല്ലുവാതുക്കൽ, കൊല്ലം, കടയ്ക്കൽ എന്നീ അംഗീകൃത സെന്ററുകളിൽ വെക്കേഷൻ ആർച്ചെറി പരിശീലനം 12 മുതൽ ആരംഭിക്കും. വിവരങ്ങൾക്ക് 8129767878, 892124 2746.
- കരുനാഗപ്പള്ളി ടൗൺ ക്ലബിന്റെയും വിവിധ അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ അവധിക്കാല കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. ക്രിക്കറ്റ്, ചെസ്, ഷട്ടിൽ ബാഡ്മിൻറൺ, യോഗ എന്നീ ഇനങ്ങളിലാണ് ക്യാമ്പ്. ഫോൺ ക്രിക്കറ്റ്: 9645061200, ചെസ്: 9946807147, ഷട്ടിൽ ബാഡ്മിന്റൺ: 9567128977, യോഗ: 9446182618.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

