ഓട്ടോയിൽ മറന്നുവെച്ച സ്വർണവും പണവും തിരികെ നൽകി
text_fieldsകൊല്ലം: ഓട്ടോറിക്ഷയിൽ മറന്നുവെച്ച സ്വർണവും പണവും അടങ്ങിയ ബാഗ് കണ്ടെത്താൻ യുവതിക്ക് സഹായവുമായി കൊല്ലം ഈസ്റ്റ് പൊലീസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുക്കൽ എത്തുന്നതിനുവേണ്ടി പള്ളിമുക്കിൽ നിന്ന് ഓട്ടോയിൽ കയറിയ യുവതി ഏഴ് പവനോളം സ്വർണവും പണവും അടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്ന് വയ്ക്കുകയായിരുന്നു.
പിന്നീട് ബാഗ് നഷ്ടമായത് മനസ്സിലാക്കിയ യുവതി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർഥിച്ചു. ഉടൻ കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ സരിതയുടെ നേതൃത്വത്തിൽ യുവതിയുമായി പൊലീസ് സംഘം പള്ളിമുക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയെങ്കിലും ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നില്ല.
അൽപസമയത്തിന് ശേഷം ഓട്ടോറിക്ഷയുമായി സ്റ്റാൻഡിലെത്തിയ ഡ്രൈവർ ഷമീർ, പൊലീസ് സംഘത്തെ ഏൽപിക്കാനായി തന്‍റെ വാഹനത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും അടങ്ങിയ ബാഗ് പൊലീസിന്‍റെ സാന്നിധ്യത്തിൽ യുവതിക്ക് തിരികെ ഏൽപ്പിച്ചു. ഡ്രൈവർ ഷെമീറിനെ പൊലീസ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

