വിയർപ്പിന്റെ സമ്മാനം ലീലാമ്മ ടീച്ചർക്ക്
text_fieldsഅഞ്ചൽ ഉപജില്ല സെക്രട്ടറിയും അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസ് കായികാധ്യാപികയുമായ എം.ലീലാമ്മ വിദ്യാർഥികൾക്കൊപ്പം
കല്ലുവാതുക്കൽ: 28 വർഷമായി പുതുപ്രതിഭകൾക്കായി ട്രാക്കിൽ വിയർപ്പൊഴുക്കുന്ന പ്രിയപ്പെട്ട ടീച്ചർക്കുള്ള സമ്മാനമാണ് അഞ്ചലിലെ കുട്ടികൾക്ക് ഓവറോൾ നേട്ടം. വിദ്യാഭ്യാസ ഉപജില്ല രൂപവത്കരിച്ച ശേഷം ആദ്യമായി അഞ്ചൽ ജില്ല സ്കൂൾ മേളയിൽ കിരീടമണിഞ്ഞത് എം. ലീലാമ്മ എന്ന ആ അധ്യാപിക മുന്നിൽ നിന്ന് കരുത്തോടെ നയിച്ചതുകൊണ്ടാണെന്ന് മറ്റ് അധ്യാപകരും വിദ്യാർഥികളും ഒരേ സ്വരത്തിൽ പറയുന്നു.
ഉപജില്ല സെക്രട്ടറിയുടെ റോളിൽ മുൻനിരയിൽ നിന്ന എം. ലീലാമ്മ അഞ്ചൽ ഈസ്റ്റ് എച്ച്.എസ്.എസിന്റെ കായികാധ്യാപികയാണ്. അടുത്തവർഷം േമയിൽ വിരമിക്കുന്ന ടീച്ചർക്ക് അവസാന സ്കൂൾ മീറ്റിൽ കിരീടം സമ്മാനിക്കണമെന്ന ലക്ഷ്യത്തിലായിരുന്നു ടീം അഞ്ചൽ. അടിസ്ഥാനസൗകര്യങ്ങൾ ഒന്നുംതന്നെയില്ലാത്ത മലയോരമേഖല സ്കൂളുകളിലെ കുട്ടികൾ ആ ലക്ഷ്യം സാധ്യമാക്കിയത് കഠിനാധ്വാനം കൊണ്ട് മാത്രമാണ്. ഈ കുതിപ്പിൽ അഞ്ചൽ ഏരൂർ സ്വദേശിനിയായ ലീലാമ്മക്കൊപ്പം സുകൃത് (അഞ്ചൽ വെസ്റ്റ് എച്ച്.എസ്.എസ്), ജിബിൻ തോമസ് (എം.ടി.എച്ച്.എസ് ചണ്ണപ്പേട്ട), ഗോകുൽ (എൻ.ജി.പി.എം എച്ച്.എസ്.എസ് വെഞ്ചേമ്പ്), ചാർളി (എ.എം.എം.എച്ച്.എസ് കരവാളൂർ), അരുണിമ (ജി.എച്ച്.എസ്. വയലാ), ആനി (ബി.എം.ജി.എച്ച്.എസ്. കുളത്തൂപ്പുഴ), സജു (ജി.എച്ച്.എസ് കരുകോൺ), സ്റ്റാൻലി (എം.ആർ.എസ്.എച്ച്.എസ്. കുളത്തുപ്പുഴ), സാം (ആർ.വി.എച്ച്.എസ്. വാളകം) എന്നീ അധ്യാപകർ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ഓടിപ്പഠിക്കാൻ ഒരു നല്ല ഗ്രൗണ്ട് എങ്കിലും കിട്ടിയാൽ റെക്കോഡ് പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകൾ കൊല്ലത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ നിന്ന് പിറക്കുമെന്ന് എം. ലീലാമ്മ പറയുന്നു. അത്തരം സൗകര്യങ്ങൾ യാഥാർഥ്യമാകുന്ന നാളിനായി കാത്തിരിപ്പാണ് ആ മേഖലയിലെ കുട്ടികളും അധ്യാപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

