ഗ്യാസ് വിതരണത്തിലെ കാലതാമസം നാല് ആഴ്ചക്കകം പരിഹരിക്കും
text_fieldsകലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗ്യാസ് അദാലത്
കൊല്ലം: ഗ്യാസ് വിതരണത്തിൽ ജില്ലയിലെ നിലവിലുള്ള കാലതാമസം ഉൾപ്പെടെ പ്രശ്നങ്ങള്‍ നാല് ആഴ്ചകള്‍ക്കകം പരിഹരിക്കാനാള്ള നടപടി സ്വീകരിച്ചതായി എ.ഡി.എം എസ്. സജീദ്. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച ഗ്യാസ് അദാലത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. അദാലത്തില്‍ ജില്ല തലത്തില്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടു. ശേഷിക്കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ സെയില്‍സ് ഓഫിസര്‍മാര്‍ക്ക് എ.ഡി.എം നിര്‍ദേശം നല്കി.
ഗ്രാമീണ മേഖലകളില്‍ ഗ്യാസ് ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസത്തില്‍നിന്ന് 25 ദിവസമായി കുറച്ചതിനെ തുടര്‍ന്ന് പ്രതിദിന റിഫില്‍ ബുക്കിങ്ങില്‍ വര്‍ധനയുണ്ടായതാണ് വിതരണത്തില്‍ ചെറിയ കാലതാമസത്തിന് കാരണമെന്ന് സെയില്‍സ് ഓഫിസര്‍ അറിയിച്ചു. യുദ്ധഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ ആവശ്യാനുസൃതം മാത്രം സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് വിതരണത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും എ.ഡി.എം വ്യക്തമാക്കി.
അദാലത്തില്‍ പങ്കെടുക്കാതിരുന്ന ഗ്യാസ് ഏജന്‍സി ഉടമകള്‍ക്ക് നോട്ടീസ് നല്കി വിശദീകരണം തേടാനും എ.ഡി.എം നിര്‍ദേശിച്ചു. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനായി ജില്ല, താലൂക്ക് തലങ്ങളില്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ച് ശക്തമായ പരിശോധന നടത്തുന്നുണ്ടെന്ന് ജില്ല സപ്ലൈ ഓഫിസര്‍ കെ.വി. സിന്ധു അറിയിച്ചു. പരാതികളില്‍ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല സപ്ലൈ ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

