മാലിന്യമുക്തം നവകേരളം; പ്ലാസ്റ്റിക് മാലിന്യം വാതിൽപടി ശേഖരണത്തിൽ ജില്ലക്ക് നൂറിൽ നൂറ്
text_fieldsകൊല്ലം: ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിൻ ശക്തമായി മുന്നോട്ടുപോകവെ, പ്ലാസ്റ്റിക് മാലിന്യം വാതിൽപടി ശേഖരണത്തിൽ ജില്ലക്ക് മികച്ച മുന്നേറ്റം. ജില്ലയിൽ ഹരിതകർമ സേന വീടുകളിലും സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് 100 ശതമാനത്തോളമാണ് കൈവരിക്കാനായത്.
2023 മാർച്ചിൽ 51 ശതമാനമുണ്ടായിരുന്ന സ്ഥിതിയിൽ നിന്നാണ് മുന്നേറ്റം. ഹരിതകർമസേനയുടെ യൂസർഫീ കലക്ഷനിലും വൻ നേട്ടമാണ് നേടിയത്. യൂസർഫീ 84 ശതമാനം വരെ പിരിച്ചെടുക്കുന്നുവെന്നാണ് നിലവിലെ കണക്ക്. 2023 മാർച്ചിൽ വെറും 37 ശതമാനമായിരുന്നു കലക്ഷൻ.
മാലിന്യശേഖരണ-സംസ്കരണ അടിസ്ഥാന സൗകര്യങ്ങളിലും മുന്നേറ്റം നേടിയിട്ടുണ്ട്. ജില്ലയിലുടനീളം സ്ഥാപിച്ച മിനി എം.സി.എഫുകളുടെ എണ്ണം 1856 ആയി. 2023 ഫെബ്രുവരിയിൽ 1648 എണ്ണമാണ് ഉണ്ടായിരുന്നത്. സമാനമായി എം.സി.എഫുകളുടെ എണ്ണം 100 ആയി.
14 ആർ.ആർ.എഫുകളും വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഇരട്ടി നേട്ടം നേടാനായി.
നിലവിൽ ജില്ലയിൽ 683 സ്ഥാപനങ്ങളിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളുണ്ട്. രണ്ട് വർഷം മുമ്പ് 379 എണ്ണമാണുണ്ടായിരുന്നത്. ഗാർഹിക ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ എണ്ണവും 114903 ആയി. സാനിറ്ററി മാലിന്യ സംസ്കരണ സംവിധാനങ്ങൾ- 79, സ്പെഷൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ- 21 എന്നിങ്ങനെയുമുണ്ട്.
നിലവിൽ 86 വാഹനങ്ങളാണ് മാലിന്യം കൈകാര്യം ചെയ്യുന്നത്. ആകെ 109365 ബിന്നുകളും സ്ഥാപിച്ചു. പുതിയ പദ്ധതിയായ ബോട്ടിൽ ബൂത്ത് 500 എണ്ണമാണ് ഇതിനകം സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

